ലോകത്തെമ്പാടും വിവിധങ്ങളായ മത വിശ്വാസം നിലനിൽക്കുന്നുണ്ട്. എല്ലാ മത വിശ്വാസങ്ങളുടെയും നിലനിൽപ് ദൈവ സങ്കല്പങ്ങൾ തന്നെയാണ്. ശാസ്ത്രത്തിനും ഇതര യുക്തി ചിന്തകൾക്കും നിർവചിക്കാനാകാത്ത ഒട്ടനവധി വിഷയങ്ങൾ മനുഷ്യന് അവന്റെ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടതായി വരുന്നുണ്ട്. അത്തരം അവസരങ്ങളിൽ അവൻ സർവ പ്രപഞ്ചത്തെയും നിയന്ത്രിക്കുന്ന അതീന്ദ്രിയ ശക്തികളിൽ വിശ്വസിക്കുവാൻ നിർബന്ധിതനാകുന്നു. എല്ലാ മതവിശ്വാസങ്ങളുടെ ആണിക്കല്ല് ഇത്തരം ചിന്തകൾ തന്നെയാണ്. ആത്യന്തികമായി എല്ലാ മതങ്ങളുടെയും ലക്‌ഷ്യം ഒന്നുതന്നെയെങ്കിലും അവർ തിരഞ്ഞെടുക്കുന്ന ആശയങ്ങളും വഴികളും വ്യത്യസ്തങ്ങളായിരിക്കും. ഇത് പ്രാദേശിക മായി നിലനിന്നു പോന്നിരുന്ന ജീവിതക്രമങ്ങളും ആചാരങ്ങൾക്കും അനുസൃതമായിരിക്കും.
ഭാരതീയ ജനത ബഹുഭൂരിപക്ഷവും മതങ്ങളിലും ആചാരങ്ങളിലും ഊന്നി ജീവിതം നയിക്കുന്നവരാണ്. മറ്റു സെമറ്റിക് മതങ്ങളെ അപേക്ഷിച്ചു ഹിന്ദു മതത്തിനു വ്യത്യസ്തങ്ങളായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ട് . ഈ ആചാരങ്ങൾ ഓരോ ഹിന്ദുമതവിശ്വാസിയുടെയും ജീവിതവുമായി ഇഴുകിച്ചേർന്നു നിൽക്കുന്നവയുമാണ്. ഭൂമിയും വായുവും അഗ്നിയും ജലവും ആകാശവും അടങ്ങുന്ന പഞ്ച ഭൂതങ്ങളെ ദൈവമായി ആരാധിക്കുന്നവരാന് ബഹുഭൂരിപക്ഷവും അതിനുള്ള കാരണം ഈ പ്രപഞ്ചശക്തികളെ പൂർണമായും കീഴടക്കാൻ കേവലം മനുഷ്യ ശക്തിക്കോ അവൻ സ്വായത്തമാക്കിയ ശാസ്ത്ര സിദ്ധിക്കോ കഴിയുന്നില്ല എന്ന യാഥാർഥ്യത്തെ ഉൾക്കൊണ്ടുകൊണ്ട് തന്നെയാണ്. താൻ വിശ്വസിക്കുന്ന ശക്തി ഈ ലോകത്തുള്ള സർവ ചരാചരങ്ങളുലും ഉണ്ടെന്നു വിശ്വസിക്കുന്ന പ്രഹ്ലാദ സങ്കൽപം തന്നെ ഒരു ഹൈന്ദവ മത വിശ്വാസിയുടെ വിശ്വാസപ്രതീകമാണ്. കല്ലിലും മരത്തിലും അവൻ വിശ്വസിക്കുന്ന ദൈവം കുടികൊള്ളുന്നു എന്ന് വിശ്വസിക്കുന്നെങ്കിൽ അത് അവനു തന്റെ ശൂന്യമായ മനസ്സിൽ ഈശ്വര സങ്കല്പത്തെ രൂപപ്പെടുത്താൻ കഴിയാത്തതുകൊണ്ടാകും. അതല്ലങ്കിൽ പ്രപഞ്ചത്തിന്റെ നിലനില്പിനെ യുക്തിചിന്തകൊണ്ട് വിശദീകരിക്കാനാകാത്തതുകൊണ്ടാകാം. അത് കാണിക്കുന്നത് മനുഷ്യ മനസുകളുടെ പരിമിതികളാണ്. മതങ്ങൾ അതിനനുസൃതമായി മനുഷ്യ മനസിന്റെ ആത്മീയ പരിവർത്തനത്തിനുള്ള മാര്ഗങ്ങൾ കാണിച്ചു കൊടുക്കുന്നു എന്നാണു സങ്കൽപം. എന്ന് കരുതി ദൈവത്തെ മനസ്സിൽ കാണുന്നതോ അതോ കൊത്തിവച്ച കല്ലിൽ കാണുന്നതിൽ ഏതാണ് ശരി എന്ന് തർക്കിച്ചാൽ ഉത്തരം കണ്ടെത്തുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. യുക്തികൊണ്ട് തർക്കിക്കുന്നവരുണ്ടായിരിക്കാം ചില യുക്തികൾ ചിലപ്പോൾ അംഗീകരിക്കേണ്ടതായും വന്നേക്കാം അത് പറയുന്നവനും കേൾക്കുന്നവനും തമ്മിലുള്ള ആത്മീയ അകലത്തെ അടിസ്ഥാനപ്പെടുത്തിയിരിക്കും. ഈ ഭൂമിയിലുള്ള എല്ലാ മനസുകളും ഒരുപോലെ അല്ല ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും എന്നത് തന്നെ യാണ് ഒരു പ്രധാന പ്രശ്നം. അതിനു മനുഷ്യനേയോ മതങ്ങളെയോ കുറ്റപ്പെടുത്തുന്നതു വിചിത്രമായിരിക്കും. മാർഗം ലക്ഷ്യത്തെ സാധൂകരിക്കും എന്ന് പറഞ്ഞതുപോലെ വിശ്വാസങ്ങൾ എന്ത് തന്നെയായാലും അത് മനുഷ്യന് എന്ത് നൽകുന്നു എന്നത് തന്നെയാണ് പ്രധാനം.
വിശ്വാസിയെപ്പോലെതന്നെ പ്രധാനമാണ് അവിശ്വാസിയും. യുക്തിചിന്ത കൊണ്ട് ആകാശത്തും ഭൂമിയിലുമുള്ള സർവ ചലനങ്ങളെയും നിർവചിക്കുന്നവരാണ് ഈക്കൂട്ടർ.എന്നാൽ മനുഷ്യ ജീവിതത്തിന്റെ തന്നെ യുക്തിരാഹിത്യം ചിലപ്പോൾ ഇവർക്ക്തന്നെ വിശദീകരിക്കേണ്ടതായി വന്നേക്കാം. ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളെ വിധിയായി സങ്കല്പിച്ചു പോരുകയേ ഇത്തരം സന്ദർഭങ്ങളിൽ നിവൃത്തിയുള്ളൂ. ഒരു വിശ്വാസിയുടെ വിശ്വാസത്തെ യുക്തികൊണ്ട് ചോദ്യം ചെയ്യുന്നത് ചിലപ്പോൾ യുക്തിരഹിതം ആയി മാറിയേക്കാം അതിനുള്ള ഒരു പ്രധാന കാരണം അത് ഒരു വിശ്വാസം മാത്രമാണ് എന്നതു തന്നെയാണ് . ഈ ഭൂമിയിൽ അധിവസിക്കുന്ന ഓരോ മനുഷ്യ ജന്മങ്ങൾക്കും അവർ കാണുന്നതും വിശ്വസിക്കുന്നതും ശരിയെന്നു കരുത്താനുള്ള ധാർമികമായ അവകാശമുണ്ട് എന്നാൽ തന്റെ ചിന്തമാത്രമാണ് ശരി എന്നുവരുമ്പോഴാണ് പലപ്പോഴും നമ്മുടെ സമൂഹത്തിൽ അസ്ഥിരത പടരുന്നത്. അല്പസ്വല്പം യുക്തിചിന്തയും കൂടി ഉണ്ടങ്കിൽ ചിലപ്പോൾ ശരിതെറ്റുകൾ വിശകലനം ചെയ്തു നേരിന്റെ മാർഗം കണ്ടെത്താൻ കഴിഞ്ഞെന്നു വന്നേക്കാം.
ഓരോ മതങ്ങളും തങ്ങളുടെ വിശ്വാസങ്ങൾ വിശ്വാസികളിൽ അരക്കിട്ടുറപ്പിക്കുന്നതു ആചാരങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയുമായിരിക്കും. അതിൽ ചിലത് മനുഷ്യന് ഗുണകരവും മറ്റു ചിലതു മനുഷ്യന്റെതന്നെ യുക്തിക്കു നിരക്കാത്തതും ആകാറുണ്ട്. ഇതിൽ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് കണ്ടെത്തേണ്ടത് നാം തന്നെയാണ് മറിച്ചു നമ്മെ നോക്കി കാണുന്ന മറ്റൊരാളല്ല. ഇത് കണ്ടെത്തിയാൽ മാത്രം പോരാ നാം കണ്ടെത്തുന്ന ശരികളെ നിലനിർത്തുകയും തെറ്റുകളെ തിരുത്തലിനു വിധേയമാകുകയും വേണം. എന്നാൽ അത്തരം മാറ്റങ്ങൾ സമൂഹത്തിൽ വരുത്തുക വളരെ ശ്രമകരമായ ദൗത്യം തന്നെയാണ്. ആചാരാനുഷ്ഠാനങ്ങൾ മാറ്റുന്നത് ദൈവനിന്നയായി കാണുമ്പോൾ മാത്രമാണ് അത് ഒരു സാമൂഹിക വിഷയമാകുന്നത്. നമ്മുടെ ചിന്താമണ്ഡലത്തിലെ ഔചിത്യവും അനൗചിത്യവും സ്വയം തിരിച്ചറിയുമ്പോൾ ഇത്തരം മാറ്റങ്ങൾ നമ്മുടെ സമൂഹത്തിൽ താനേ നടന്നുകൊള്ളും. അതിനായുള്ള ഒരു തയ്യാറെടുപ്പാകണം നമ്മുടെ സമൂഹത്തിൽ വരേണ്ടത്. അടിച്ചേൽപ്പിക്കുന്ന പുരോഗമന ചിന്ത സമൂഹത്തിൽ അന്തച്ഛിദ്രങ്ങൾക്കും അസ്ഥിരതക്കും മാത്രമേ വഴിവെക്കൂ. ദൈവ ചിന്തകൾക്കും യുക്തിചിന്തകൾക്കും ഒരുപോലെ മാനവിക പരിവർത്തനത്തിനു സഹായിക്കാനാകും. ആത്മീയ ചിന്തകൾ മനുഷ്യനെ പരസ്പരം സ്നേഹിക്കാനും അതുവഴി സ്വന്തം അസ്തിത്വത്തെ കണ്ടെത്താനും സഹായകരമാകുമ്പോൾ യുക്തിചിന്ത സാമൂഹിക പരിവർത്തനത്തിനായുള്ള ചിന്താസരണി ഒരുക്കി കൊടുക്കുന്നു. തെറ്റും ശരിയും സ്വയം തിരിച്ചറിയാൻ കഴിയുന്ന ഒരു സമൂഹത്തിനു മാത്രമേ യഥാർത്ഥ നവോത്ഥാനം സാധ്യമാക്കാനാകൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ