ഇന്ന് ജൂൺ 5 , ലോക പരിസ്ഥിതി ദിനം
നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ, നാം ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, നാം അധിവസിക്കുന്ന ഭൂമിയെ ജീവജാലങ്ങൾക്ക് വാസയോഗ്യമാകുന്ന കാലാവസ്ഥ എന്നിവയെല്ലാം പ്രകൃതിയുടെ സംഭാവനയാണ് . ഓരോ വർഷവും സമുദ്ര സസ്യങ്ങൾ നമ്മുടെ അന്തരീക്ഷത്തിലെ ഓക്സിജന്റെ പകുതിയിലധികം ഉല്പാദിപ്പിക്കുന്നു. കൂടാതെ ഒരു മുതിർന്ന വൃക്ഷം നമ്മുടെ വായുവിനെ 22 കിലോ കാർബൺ ഡൈ ആഗിരണം ചെയ്യുകയും പകരമായി പ്രാണവായു പുറത്തു വിടുകയും ചെയ്യുന്നു. ഇതെല്ലാമാണ് സത്യമെങ്കിലും നാം മനുഷ്യർ പ്രകൃതി നൽകുന്ന ഈ ആനുകൂല്യങ്ങൾ ചൂഷണം ചെയ്തു ജീവിക്കുന്നു. അതിജീവനത്തിന്റെ പേരിൽ കാട് വെട്ടി കുടിലുകെട്ടുന്നു. വന ഭൂമി കയ്യേറി കൃഷി ചെയ്യുന്നു. ഈ ഭൂമിയിൽ നമ്മെപ്പോലെ തന്നെ ജീവിക്കാൻ അവകാശമുള്ള വന്യ ജീവജാലങ്ങളെ കൊന്നൊടുക്കുന്നു. ആഗോളതാപനത്തിനു ഉതകുന്ന തരത്തിൽ ഹരിത വാതകങ്ങൾ പുറം തള്ളുന്നു. മനുഷ്യന്റെ ഇത്തരത്തിലുള്ള പ്രകൃതിയിലുള്ള ഇടപെടലുകൾ വ്യാവസായിക വിപ്ലവത്തിന് മുമ്പുള്ളതിനേക്കാൾ ഏകദേശം 1 ഡിഗ്രി ആഗോള താപനത്തിനു കാരണമായതായി കണക്കാക്കപ്പെടുന്നു.ഈ നില തുടർന്നാൽ ഈ ഭൂമി ജീവ ജാലങ്ങൾക്കു വാസയോഗ്യമല്ലാതാകുമെന്ന് ശാസ്ത്ര ലോകം പറയുന്നു. ഉപരിതല താപ നിലയിലെ വർധനയും ആഗോള താപനവും ചിലയിടങ്ങളിൽ വെള്ളപ്പൊക്കത്തിനും മറ്റു ചിലയിടങ്ങളിൽ വരൾച്ചക്കും കാരണമായേക്കാം എന്ന് IPCC വിലയിരുത്തുന്നു. ഉയർന്ന താപനില കാരണം ജല ചക്രത്തിന്റെ ദീര്ഘകാല മാറ്റങ്ങൾ വെള്ളപ്പൊക്കത്തിന് കാരണമാകുന്നു എന്ന് നാം കേരളീയരെ പ്രകൃതി തന്നെ പഠിപ്പിച്ച പാഠങ്ങളാണ്. ഓരോ പരിസ്ഥിതി ദിനവും കടന്നുപോകുമ്പോൾ നാം മരങ്ങളെ ഓർക്കും അതുവഴി കാടിനേയും .ഓരോ പ്രളയം വരുമ്പോഴും നാം ആഗോള താപനം ചർച്ച ചെയ്യും. പിന്നെ ദുരന്തങ്ങളിൽ കൊന്നൊടുക്കപ്പെടുന്ന ജീവനുകളെപ്പറ്റി നാം വിലപിക്കും. എന്നാൽ നാം ഇപ്പോഴെങ്കിലും നമ്മോടു തന്നെ ചോദിക്കേണ്ട ഒരു ചെറു ചോദ്യമുണ്ട്. എന്തിനാണ് നാം മനുഷ്യരുടെ പുതുതലമുറയെ സൃഷ്ടിക്കുന്നത്? അവർക്കു വാസയോഗ്യമായുള്ള ഒരു ഭൂമി നമുക്ക് കൈമാറാൻ കഴിയില്ലെങ്കിൽ എന്തിനാണ് നാം അവരെ ദുരന്തത്തിലേക്ക് തള്ളിവിടുന്നത് ? ജന്മം കൊടുക്കുന്ന ഓരോ ജീവനുകളും എങ്ങനെ ഈ ഭൂമിയിൽ അതിജീവിക്കും എന്നു ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അധിവസിക്കാൻ സുന്ദരമായ ഈ മനോഹര ഭൂമിയില്ലെങ്കിൽ നാം ഓരോരുത്തരും മനസിൽ സൂക്ഷിക്കുന്ന എന്നാൽ മറന്നുകളയേണ്ട ഒരു വരിയുണ്ട് . "ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി". നാം പഠിച്ചു മനപ്പൂർവം മറന്ന പാഠങ്ങൾ ഒരു പുനർ വായനക്കുള്ള സമയമായിരിക്കുന്നു. "പാഠം ഒന്ന് - നാം അധിവസിക്കുന്ന നമ്മുടെ ഭൂമി "