നടന്നുപോകുന്ന വഴികളിൽ നാം ചിലത് കൈവിടുന്നു മറ്റുചിലത് കണ്ടെത്തുന്നു. കൂടുതൽ കണ്ടെത്തലുകൾക്കായി കാത്തിരിക്കുന്നു
ശനിയാഴ്‌ച, ഏപ്രിൽ 25
രണ്ടായിരത്തി ഇരുപതിന് മുൻപും അതിനു ശേഷവും.
എന്തായിരിക്കും ഈ നിമിഷം നാം ഓരോരുത്തരും ചിന്തിക്കുന്നത്? ലോകത്തെ വലിയ സാമ്പത്തിക വിദഗ്ദ്ധർ മുതൽ നിത്യവൃത്തിക്കായി ദിനം പ്രതി പണിയെടുക്കുന്ന സാധാരണ ജനം വരെ. സ്കൂളിൽ പോകുന്ന വിദ്യാർഥികൾ മുതൽ വീടിന്റെ നാലുചുമരുകളാൽ ബന്ധിപ്പിക്കപ്പെട്ട വയോജനങ്ങൾ വരെ ഇപ്പോൾ എന്തായിരിക്കും ചിന്തിക്കുന്നത്? രണ്ടു കാര്യങ്ങളാകാനാണ് സാധ്യത ഒന്ന് എന്നാണു ഈ രോഗമൊക്കെ മാറി നാം സാധരണ നിലയിലേക്ക് വരുന്നത്?, രണ്ടാമത് ഈ മഹാമാരി എന്തെല്ലാം മാറ്റങ്ങളാണ് നമ്മുടെ സമൂഹത്തിൽ വരുത്തുക?
കഴിഞ്ഞ രണ്ടുമാസക്കാലമായി ലോകം ഭാഗീകമായോ പൂർണമായോ നിശ്ചലമാണ് എന്ന് തന്നെ കരുതാം. ഉത്പാദനമേഖല കൂപ്പുകുത്തി. കാർഷിക മേഖല തകിടം മറിഞ്ഞു. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ സഹായിക്കാൻ മുന്നോട്ടു വരുന്ന ലോകാരോഗ്യ സംഘടന പണത്തിനായി അമേരിക്ക പോലുള്ള രാജ്യങ്ങളോട് കൈ നീട്ടുന്നു. ലോക വളർച്ച നിരക്ക് ഈവർഷം നെഗറ്റീവ് മൂന്നുവരെ പോകും എന്ന പ്രവചനം. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതീവ ഗുരുതരമായി തുടരുന്നു. ജിഡിപി ഒരുശതമാനമെങ്കിലും ഉണ്ടാകും എന്ന ഈ നിമിഷം നാം കരുതുന്നു. ഒരുകാര്യം നാം സ്വയം ബോധ്യപ്പെടേണ്ടതുണ്ട്. 2020 നു ശേഷം ലോകം വലിയ മാറ്റങ്ങൾക്കു വിധേയമാകും. ഇന്ന് നാം കരുതുന്നതിനേക്കാളുപരി നമ്മുടെ ജീവിതവും കാഴ്ചപ്പാടും മാറിമറിയും.
കൊറോണയെക്കാൾ ഭയാനകമാണ് ലോകം നേരിടാൻ പോകുന്ന ആഗോള സാമ്പത്തിക തകർച്ച എന്നകാര്യത്തിൽ ഒരു തർക്കവും വേണ്ട. ജീവനോപാധികൾ നഷ്ടപ്പെടുന്ന മനുഷ്യരുടെ നിസ്സഹായത, മാറുന്ന ലോകത്തിനനുസരിച്ചു മാറാൻ കഴിയാത്ത വാർധക്യത്തിന്റെ വിലാപങ്ങൾ, സാമൂഹികവും സാമ്പത്തികവുമായ സുരക്ഷതേടി പലയിടങ്ങളിൽ ചേക്കേറിയവരുടെ കൂട്ട പലായനങ്ങൾ എന്നിങ്ങനെ എന്തെല്ലാം കാഴ്ചകളാണ് ഇനി നാം കാണാൻ പോകുന്നത്?
പ്രതിസന്ധികളെ മനുഷ്യൻ എന്നും പ്രതിരോധിച്ചിട്ടുണ്ട് അത് തുടരുക തന്നെ ചെയ്യും പക്ഷെ അതിനിടയിൽ വരുന്ന നഷ്ടങ്ങളുടെ വ്യാപ്തി എത്രകണ്ട് വലുതാണ് എന്നതാണ് നമ്മുടെ മുൻപിലുള്ള വലിയ ചോദ്യം. രോഗത്തെ ഭയപ്പെട്ടു കൊണ്ടു നമുക്ക് മുൻപോട്ടു പോകാനാകില്ല. ഇന്ന് കോവിഡ് 19 എങ്കിൽ നാളെ വേറൊന്നു കടന്നു വരും. അതുകൊണ്ടു തന്നെ ഇതിനെ നാം പ്രതിരോധിച്ചെ മതിയാകൂ. മരുന്നിലൂടെയല്ലാതെ ഒരു ഉത്തമ ബോധ്യത്തോടെ അതിനു നമുക്ക് കഴിയണം. അതിനായി നമ്മുടെ ആരോഗ്യശീലങ്ങളെ അടിമുടി മാറ്റിയെ മതിയാകൂ. ഘട്ടംഘട്ടമായി ഈ ജയിൽ വാസം അവസാനിപ്പിച്ചു നാം ഓരോരുത്തരും തങ്ങളുടെ ജീവിതത്തിലേക്ക് മടങ്ങണം. അതിനായി ഭരണ സംവിധാനങ്ങളും ആരോഗ്യ പ്രവർത്തകരും തരുന്ന നിർദേശങ്ങൾ പിന്തുടരുകയല്ലാതെ മറ്റൊരു മാർഗവും ഇപ്പോൾ നമ്മുടെ മുൻപിലില്ല. രണ്ടായിരത്തി ഇരുപതിന് മുൻപ് എന്ന ചോദ്യത്തെക്കാൾ ഇനി പ്രസക്തി രണ്ടായിരത്തി ഇരുപതിന് ശേഷം എങ്ങനെ എന്നതിനാണ്.
ശനിയാഴ്‌ച, ഏപ്രിൽ 18
ഹരിത വാതകവും ആഗോളതാപനവും
ഈയിടെ എന്നോട് ഒരു വിദേശി ചോദിച്ചു ഭൂമിയിൽ ഹരിത വാതകങ്ങൾ കൂടിയാൽ കുഴപ്പമാണെന്നു പറയുന്നത് ശരിയാണോ? എന്ത് ഉത്തരമാണ് ഞാൻ കൊടുക്കേണ്ടത് എന്ന് അല്പസമയം ആലോചിച്ചിട്ട് ഞാൻ പറഞ്ഞു. ഹരിത വാതകവും ആഗോളതാപനവും പലർക്കും ഇന്ന് ഒരു കെട്ടുകഥയാണ്. പക്ഷെ ഞങ്ങൾ കേരളീയർക്ക് അത് അനുഭവമാണ്. കഴിഞ്ഞ രണ്ടു വർഷവും ഞങ്ങൾ നേരിട്ട പ്രളയം അതി ഭയാനകമായിരുന്നു. മൺസൂണിന്റെ ദിശാമാറ്റം വളരെ സുവ്യക്തമായിരുന്നു. ആ ദുരന്ത ചിത്രങ്ങൾ ഇന്നും മനസ്സിൽ നിന്നും മറഞ്ഞിട്ടില്ല. ഈ ഉത്തരത്തിൽ സംതൃപ്തനായ ആൾ പിന്നീടൊന്നും ചോദിച്ചില്ല. നമ്മളേക്കാൾക്കൂടുതൽ ദുരന്ത ചിത്രങ്ങൾ മാധ്യമങ്ങളിലൂടെ കണ്ട ആ വിദേശിക്ക് ആ ഉത്തരം തന്നെ ധാരാളം. എന്നാൽ നാം മലയാളികൾ എന്ത് പഠിച്ചു എന്ന് ചോദിച്ചാൽ ഉത്തരം ഒന്നുമാത്രം. കാര്യമായി ഒന്നും പഠിച്ചില്ല. പാഠം ഒന്ന് - ദുരന്തം , സ്കൂൾ, ക്യാമ്പുകൾ പതിനായിരം സഹായം. കേന്ദ്ര-കേരള രാഷ്ട്രീയ യുദ്ധങ്ങൾ കഴിഞ്ഞപ്പോൾ അടുത്ത ജൂൺ മാസം ഇങ്ങു പടിവാതിൽക്കൽ. ഇനിയിപ്പോൾ സഹായം അഭ്യർത്ഥിക്കാൻ കഴിയാത്ത അവസ്ഥയും. ഇന്ത്യൻ മഹാസമുദ്രത്തിനും, അറബിക്കടലിനും നമ്മുടെ ചുവപ്പു- കാവി രാഷ്ട്രീയം അറിയില്ല. മൺസൂണിന്റെ വരവറിയിക്കാൻ അവൻ തയ്യാറെടുത്തു കഴിഞ്ഞു എന്നാണു വാർത്ത. ഇത്തവണ 100 ശതമാനം മഴ ലഭിക്കും എന്നാണു കാലാവസ്ഥാ ഗവേഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. ഇതിൽ കേരളത്തിനെ പങ്ക് വ്യക്തമാക്കാനുള്ള അസാമാന്യ കഴിവ് തത്കാലം ഇപ്പോഴത്തെ പ്രവചന സംവിധാനത്തിനില്ല. ഇന്ത്യയിൽ ആകമാനമുള്ള കണക്കാണിത്. ഏറിയും കുറഞ്ഞും അത് കേരളത്തിലായാൽ ഒരു പുനരാവർത്തനത്തിനുള്ള സാധ്യത നമുക്ക് ഒരിക്കലും തള്ളിക്കളയാനാകില്ല. കോവിഡിനെതിരെയുള്ള നമ്മുടെ പ്രതിരോധത്തിനിടയിൽ പ്രളയ ദുരന്ത സാധ്യത നാം കാണാതെ പോകരുത്. അതിജീവനത്തിന്റെ സുരക്ഷിത പാഠങ്ങൾ മറക്കാതെ മനസ്സിൽ കരുതുന്നത് നന്നായിരിക്കും. സർക്കാരുകളുടെ ഇടപെടലുകൾക്കു ഇപ്പോഴത്തെ സാഹചര്യത്തിൽ വളരെ അധികം പരിമിതികൾ ഉണ്ടാകും. കൊറോണയിൽ നിന്നും സുരക്ഷിതരാകാൻ നമ്മോടു വീട്ടിലിരിക്കാൻ പറഞ്ഞിരിക്കുന്ന ഈ അവസ്ഥയിൽ നമ്മുടെ വീടിന്റെ സുരക്ഷാ ഒരാവർത്തി വിലയിരുത്തുന്നത് നന്നായിരിക്കും. വീടുകൾ ദുരന്തമായി മാറിയ കാഴ്ച നമ്മുടെ മനസ്സിൽ നിന്നും ഇപ്പോഴും മറഞ്ഞിട്ടില്ല. പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കുന്നത് ഒരു നല്ല സൂചകമല്ല. തെറ്റുകൾ തിരുത്താനും ശരികളിലൂടെ നടക്കാനും. അനുഭവമാണ് നമുക്ക് പാഠമാകേണ്ടത്. പഠിച്ച പാഠങ്ങൾ ഒരാവർത്തികൂടെ പുനർ വായനക്ക് വിധേയമാക്കിയില്ലെങ്കിൽ അടുത്ത പരീക്ഷയിലും നാം പരാജയപ്പെട്ടേക്കാം. കരുതലിന്റെ രാഷ്ട്രീയമാകട്ടെ നമ്മെ മുന്നോട്ടു നയിക്കേണ്ടത്.
ശാസ്ത്രത്തിനു കഴയാത്തതോ?
കൊറോണ എന്ന മഹാ വിപത്ത് രാജ്യത്തെ കീഴടക്കുന്ന കാഴ്ചയാണ് നാം ഇന്ന് കാണുന്നത്. പണ്ട് ബിയോളജി ക്ലാസ്സിൽ വൈറസിനെ ജീവനില്ലാത്ത സൂഷ്മാണു എന്ന് പറഞ്ഞ ടീച്ചറോട് ഞാൻ ചോദിച്ച ചോദ്യം ഓർക്കുന്നു. ജീവനില്ലെങ്കിൽ എങ്ങനെ ഇത് സാംക്രമിക രോഗം പടർത്തുന്നു? അതിനു ഉത്തരം ശാസ്ത്രപാഠപുസ്തകത്തിലെ വരികൾക്ക് നല്കാനായില്ലെങ്കിലും ടീച്ചർ പറഞ്ഞ ഉത്തരം എനിക്കങ്ങു ബോധിച്ചു. ജീവനില്ലാത്ത വളരാനാകുന്ന ദൈവ സന്തതി ഒന്ന് മാത്രമുള്ളു ഈ ഭൂമിയിൽ അത് വൈറസ് തന്നെയാണ്. ശാസ്ത്രം കൊണ്ട് എല്ലാം കീഴടക്കാം എന്ന് അതുവരെ വിശ്വസിച്ച ഒരുശാസ്ത്രമനസിനെ ഒരു ദൈവ വിശ്വാസിയാക്കാൻ ഇതിലപ്പുറം എന്താണ് വേണ്ടത്. ഇന്ന് ലോകം പ്രാർത്ഥിക്കുകയാണ്. ഈ ലോകം കാക്കുന്ന ദൈവത്തോട് "ഈ രോഗത്തെ അകറ്റിനിർത്താനുള്ള മരുന്ന് എത്രയും വേഗം കണ്ടെത്താൻ നമ്മുടെ ശാസ്ത്രലോകത്തിന് കഴിയണേ" എന്ന്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)