ശനിയാഴ്‌ച, ഡിസംബർ 24

ചീഞ്ഞു നാറുന്ന നമ്മുടെ മഹാ നഗരങ്ങള്‍

നഗരവല്കരണം കേരളത്തില്‍ സൃഷ്ടിക്കുന്ന അഥവാ സൃഷ്ടിക്കാന്‍ പോകുന്ന വലിയ വിപത്ത് എന്തെന്ന് ചോദിച്ചാല്‍ നമുക്ക് കണ്ണടച്ച് പറയാവുന്ന ഒരു ഉത്തരമേ ഉള്ളു. അത് മറ്റൊന്നുമല്ല നമുക്ക് ചുറ്റും കുമിഞ്ഞു കൂടുന്ന മാലിന്യങ്ങളാണ്. ഓരോ ദിവസവും നാം പ്ലാസ്റ്റിക്‌ സഞ്ചികളിലാക്കി നിരത്തിലേക്ക് വലിച്ചെറിയുന്ന മാലിന്യങ്ങള്‍ നാം അറിയാതെ തന്നെ വന്‍ വിപത്തുകളെ വിളിച്ചു വരുത്തുകയാണ്. വിവിധങ്ങളായ മാലിന്യങ്ങള്‍ നഗരപ്രാന്തങ്ങളില്‍ കുമിഞ്ഞു കൂടുന്ന കാഴ്ച ഇന്ന് കേരളീയന് അത്ര പുതുതല്ല . മാലിന്യ നിര്‍മാര്‍ജനത്തിനായി സര്‍കാര്‍ തന്നെ മുന്‍ കയ്യെടുത്ത് പല പദ്ധതികളും വിഭാവനം ചെയ്തിട്ടുണ്ട്.എന്നാല്‍ ഇത്തരം പദ്ധതികളുടെ വിജയം വിചാരിക്കുന്ന തരത്തില്‍ അത്ര എളുപ്പമല്ല. ജനങളുടെ പൂര്‍ണ സഹകരണം ഉണ്ടെങ്കില്‍ മാത്രമേ ഇത് നടപ്പില്‍ വരുത്താനാകൂ. കഴിഞ്ഞ വര്ഷം കൊച്ചി നഗരം  ഏറ്റവും വലിയ മാലിന്യ കൂമ്പാരം ആയെങ്കില്‍   ഇന്ന് അത് തിരുവനന്തപുരം ഏറ്റെടുത്തിരിക്കുന്നു. ചീഞ്ഞു നാറുന്ന നിരത്തിലൂടെ ജനങ്ങള്‍ സ്വൈര്യ വിഹാരം നടത്തുന്നതു  അതീവ ദയനീയമായ കാഴ്ചയാണ്. ആരാണ് ഇതിനു ഉത്തരവാദി? എവിടെ നിന്നാണ് ഈ മാലിന്യങ്ങള്‍ വരുന്നത്? ഈ മാലിന്യങ്ങളെ നമുക്ക് എങ്ങനെ സംസ്കരണം നടത്താം? . ഇത്തരം ചോദ്യങ്ങള്‍ ഒട്ടനേകം പേര്‍ ഇതിനോടകം ചോദിച്ചു കഴിഞ്ഞിട്ടുണ്ട്. നമ്മുടെ രാഷ്ട്രീയ നേതാക്കളും ശാസ്ത്ര കുതുകികളും ഒരുപാടു ഉത്തരങ്ങള്‍ നല്‍കിയിട്ടുമുണ്ട് . പക്ഷെ അതുകൊണ്ട് എന്ത് കാര്യം. പ്രശ്നങ്ങള്‍ ഇപ്പോഴും ഒരു പരിഹാരമില്ലാതെ തുടരുന്നു. മാലിന്യ നിര്‍മാര്‍ജനത്തിന് ശത്ര സാങ്കേതിക വിദ്യകള്‍ ഒട്ടനവധിയുണ്ട്‌. .പക്ഷെ ഇത്തരം സാങ്കേതിക വിദ്യകളുടെ വിജയത്തിന് ഏറ്റവും പ്രധാനം ഏതു തരം മാലിന്യമാണ്   നാം സംസ്കരിക്കേണ്ടത് എന്നതാണ്. നാം നേരിടുന്ന കാതലായ പ്രശനവും ഇത് തന്നെയാണ് . നമ്മുടെ നിരത്തുകളില്‍ അനുദിനം വലിച്ചെറിയുന്ന പ്ലാസ്റ്റിക്‌ കൂടകളില്‍  ഏതാണ്ട് എല്ലാതരത്തിലുള്ള മാലിന്യങ്ങളും ഉണ്ടാകും , അതില്‍ മാരകമായ രാസവസ്തുക്കള്‍ മുതല്‍ ആശുപത്രികളിലെ രോഗാണു നിബിഡമായ പഞ്ഞികെട്ടുകളും മുറിച്ചു മാറ്റപ്പെട്ട അവയവങ്ങളും പെടും. ഇത് നിര്‍മാര്‍ജനം ചെയ്യാന്‍ ഉപയോഗിക്കുന്ന  പ്ലാസ്ടികുകളാണ് ഏറ്റവും കൂടുതല്‍.

 ഇത്തരം വിവിധങ്ങളായ മാലിന്യങ്ങളെ ഒരേ സമയം അന്തരീക്ഷ മലിനീകരനമില്ലാതെ നശിപ്പിക്കുവാന്‍  ഒരിക്കലും സാധ്യമല്ല എന്ന സത്യം നാം   ആദ്യം തന്നെ മനസിലാക്കണം. കേരളത്തില്‍ ഇന്ന് സ്ഥാപിച്ചിട്ടുള്ള  ഇന്സിനരട്ടരുകള്‍ സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണത്തിന് കാരണം ഇത്തരത്തില്‍ തരം തിരിക്കാത്ത മാലിന്യങ്ങള്‍ ഒന്നിച്ചു കത്തിക്കുന്നതുകൊണ്ടാണ് . അതുകൊണ്ട് തന്നെ ആദ്യ ശ്രമങ്ങള്‍  ആരംഭിക്കേണ്ടത് മാലിന്യങ്ങള്‍ ഉത്പാദിപ്പിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് തന്നെ ആണ് . ഇവിടെ വച്ച് തന്നെ മാലിന്യങ്ങളെ വേര്‍തിരിക്കാന്‍ വളരെ എളുപ്പമായതിനാല്‍  അവയുടെ സംസ്കരണവും അത്രതന്നെ  എളുപ്പമായിരിക്കും. ഭക്ഷണത്തിന് മുന്‍പ് കൈ കഴുകാന്‍ മക്കളെ  പഠിപ്പിക്കുന്ന നമ്മള്‍ ആദ്യം നല്‍കേണ്ട അറിവ്   മാലിന്യങ്ങള്‍ വേര്‍തിരിച്ചു നിര്‍മാര്‍ജനം ചെയ്യുന്നത് എങ്ങനെ എന്നതാണ് . സ്വയം വിഘടിക്കുന്ന മാലിന്യങ്ങള്‍ നമുക്ക് ജൈവ വളമായും ബയോ ഗ്യാസ് ഉത്പാദനത്തിനും ഉപയുക്തമാക്കം . പ്ലസ്ടിക്കുകളെ തരാം തിരിച്ചു  പുനര്‍ ഉല്‍പാദനതിനായോ അല്ലെങ്ങില്‍ ഉയര്‍ന്ന താപം ഉപയോഗിച്ച് വിഘടിപ്പിച്ചോ രസ മാറ്റം വരുത്താവുന്നതാണ്. പ്ലസികുകളില്‍ നിന്ന് പെട്രോള്‍ വരെ നിര്‍മിക്കാം  എന്ന് ശാസ്ത്രം  തെളിയിച്ചിട്ടുണ്ട്.  ഒട്ടനവധി  സാങ്കേതിക  വിദ്യകള്‍ ഇത്തരം പ്രവര്തങ്ങള്‍ക്കായി  ഇന്ന് ലഭ്യവുമാണ്. പക്ഷെ മാലിന്യങ്ങളെ സമഗ്രമായി വേര്‍തിരിച്ചതിനു ശേഷം മാത്രമേ ഇത്തരം പരിവര്‍ത്തനത്തിന് ഉപയോഗിക്കാന്‍  പാടുള്ളൂ  എന്നതാണ്   . അങ്ങിനെ അല്ലാതെ ഉപയോഗിക്കുന്നതിന്‍റെ പരിണത  ഫലമാണ്‌ നമ്മുടെ നിര്‍ജീവമായ പല ഇന്സിനരെട്ടരുകളും തകരാറിലായ നമ്മുടെ  മാലിന്യ നിര്‍മാര്‍ജന പദ്ധതികളും. 

മാലിന്യ നിര്‍മാര്‍ജനത്തിന് ജനപങ്കളിത്വം ഏറ്റവും പ്രധാനമാണ്. നമ്മുടെ ദിനം ദിന പ്രവൃത്തികളില്‍ ഏറ്റവും പ്രധാനമായ ഒരു പ്രവൃത്തിയായി ഇതിനെ കാണാന്‍  നാം പഠിക്കണം. ഇത് നമുക്ക് വേണ്ടി മാത്രമല്ല. നമ്മുടെ വരാന്‍ പോകുന്ന തലമുറ മാരക  രോഗങ്ങള്‍ക്ക് അടിപ്പെടാതെ ആരോഗ്യമുള്ളവരായി വളരാന്‍ ഇത് അനിവാര്യമാണ് എന്നാ ഉത്തമ ബോധ്യം നമുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു . ഒരു പക്ഷെ നാം നേരിടാന്‍ പോകുന്ന ഈ നൂറ്റാണ്ടിലെ  ഏറ്റവും വലിയ വെല്ലുവിളിയാകും മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍. .... ...അതുകൊണ്ടുതന്നെ  ഇതിനെ നേരിടാന്‍ ഒരു സമഗ്ര നിര്‍മാര്‍ജന പദ്ധതിയാണ് നമുക്ക് ഇന്ന്  ആവശ്യം. അതിനു കഴിഞ്ഞില്ലെങ്കില്‍   , അടുത്ത കാലവര്‍ഷക്കാലതും     നമുക്ക് കുറെ സഹജീവികളുടെ ജീവന്‍ ബലി നല്‍കേണ്ടി വരും അതിനായി നാം കുന്നു കൂട്ടുന്ന പ്ലാസ്റ്റിക്‌ കൂനകളില്‍ പുതിയ വയറസുകള്‍ ഇതിനോടകം  ജന്മം എടുതിട്ടുണ്ടാകും എന്നകാര്യത്തില്‍ ഒരു സംശയവും വേണ്ട. 




വ്യാഴാഴ്‌ച, ഡിസംബർ 15

കര്‍ഷകനെ സംരക്ഷിക്കു അവര്‍ നിങ്ങള്‍ക്ക്‌ ഭക്ഷണം തരും

മുല്ല പെരിയാര്‍ വിഷയത്തില്‍ ആശങ്കകള്‍ നില്നില്കെ തന്നെ തമിഴ്നാടുമായി  ഒരു ചര്‍ച്ചയുടെ തുടക്കം കുറിക്കാന്‍ അതീവ പരിശ്രമം നടത്തുകയാണ് കേരളം. പക്ഷെ അവര്‍ അത് കേട്ടതായി ഭാവിക്കുന്നുമില്ല .സുപ്രിം കോടതിയും  അവര്‍ നിയോഗിച്ച പരമോന്നത സമിതിയുടെയും തീരുമാനത്തിന് അനുസരിച്ച് ആയിരിക്കും ഇനി നാം വിഭാവനം ചെയ്യുന്ന പുതിയ  ഡാം എന്നകാര്യത്തില്‍ ഏറെകുറെ തീരുമാനമായിട്ടുണ്ട്. തലയിലിരിക്കുന്ന അധികാരത്തിന്‍റെ  ചക്കരക്കുടം അങ്ങനെ വിട്ടുകളയാന്‍ നമ്മുടെ മന്ത്രിമാര്‍ തയ്യാറല്ല എന്നാണ് കേരളീയരായ നാം മനസിലാക്കേണ്ടത്. അപ്പോള്‍ കോടതി മുറിക്കു വെളിയില്‍ ഒരു തീരുമാനം ഉണ്ടാക്കാന്‍ കേരളത്തിലുള്ള രാഷ്ട്രീയ നേതൃത്വം കേന്ദ്ര സര്‍കാരില്‍ സമ്മര്‍ദം ചെലുത്താന്‍ ഉള്ള സാധ്യത ഏറെ കുറെ  മങ്ങിയ അവസ്ഥയിലാണ്. സമരം അവസാനിപ്പിക്കാന്‍ ഒരു കാരണം  നോക്കിയാണ് നമ്മുടെ സര്‍വകക്ഷി കൂട്ടായ്മ   ഡല്‍ഹിക്ക് പോയത്. ഏതായാലും പട്ടിണി കിടന്നു മെലിഞ്ഞ  നമ്മുടെ നേതാക്കള്‍ക്ക് ഇനി  ഒന്ന് വിശ്രമിക്കാം അത് കൊട്ടക്കലായാല്‍   അത്രയും നന്ന് . കാരണം വേറൊന്നുമല്ല ഡാം എങ്ങാനും പൊട്ടിയാലും സ്വന്തം ജീവന്‍ രക്ഷിക്കാമല്ലോ. ഡല്‍ഹിയിലുള്ള കേന്ദ്രന്മാരോടും മലയാളികളുടെ അപേക്ഷ ഒന്ന് മാത്രം. പാവം നിങ്ങളുടെ  കുടുംബക്കാരെ എങ്കിലും സംരക്ഷിക്കുക. അവരെ കൂടി ഡല്‍ഹിയിലേക്കു കൂട്ടികൊണ്ട് പോകുക. ഞങ്ങളുടെ വിധി ഏതായാലും തമിഴ്നാടിന്‍റെ കൈകളിലാണ്. അതുകൊണ്ട് തന്നെ  ഇപ്പോള്‍ എന്തും സഹിക്കാനുള്ള തയ്യാറെടുപ്പിലാണ്  ഈ ജില്ലകളിലുള്ള പാവം ജനങ്ങള്‍.   

കേരളത്തില്‍ സമരങ്ങള്‍ക്ക് ഇപ്പോള്‍  ക്രിസ്തുമസ് അവധി ആണ് എന്നത് തമിഴ്നാടിനു ബാധകമല്ല . അവിടെ ജനങ്ങള്‍ സമരചൂടില്‍ തന്നെ. കേരളത്തിന്‌ പാലും പച്ചക്കറിയും , ഇറച്ചിയും തരില്ല എന്നതാണ് പുതിയ സമരമാര്‍ഗം. തങ്ങള്‍ക്കു വെള്ളം തരില്ല എന്ന് തമിഴ്നാട്ടിലെ രാഷ്ട്രീയക്കാര്‍ കര്‍ഷകരുടെ ഇടയില്‍ ദുഷ് പ്രചരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ചിന്താ ശക്തിയില്ലാത്ത  ഒരു പാവം ജനതയെ വെള്ളത്തിന്‍റെ പേരില്‍ തെരുവില്‍ ഇറക്കി രാഷ്ട്രീയ നേട്ടം കൈവരിക്കാന്‍  അവിടുത്തെ രാഷ്ട്രീയക്കാര്‍ മത്സരിക്കുകയാണ്. എന്നാല്‍ ഇത്തരക്കാര്‍  മനസിലാക്കേണ്ട ഒന്നാമത്തെ കാര്യം ഡാം പൊട്ടിയാല്‍ പിന്നെ അവര്‍ക്ക് വെള്ളം ലഭിക്കാന്‍ സാധ്യതയില്ല എന്നാ സത്യമാണ്.  ഇത് കേരളത്തിന്‍റെ മാത്രം പ്രശനമല്ല എന്ന്   ത മിഴ് ജനതയെ  ബോധ്യപ്പെടുത്താന്‍ നമ്മുടെ ഭരണകൂടങ്ങള്‍ക്ക് കഴിയുന്നില്ല എന്നത് തികച്ചും നിരാശ ജനകമാണ്.

മാറിയ ചില സാഹചര്യങ്ങള്‍ നാം മലയാളികളെ  പുതിയ ചില ചിന്തകളിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്  . തമിഴ്നാട്‌ പച്ചകറികളും പാലും തന്നില്ലെങ്ങില്‍ എന്തായിരിക്കും നാം മലയാളികളുടെ സ്ഥിതി. അതീവ ഗുരുതരം എന്നല്ലാതെ എന്ത് പറയാന്‍. കൃഷിചെയ്തു  രണ്ടു ലക്ഷം കടം വന്ന്‌  ആത്മഹത്യ ചെയ്യുന്ന പാവം കര്‍ഷകര്‍ ഉള്ള കേരളത്തില്‍ ഈ വെല്ലുവിളിയെ എങ്ങനെ നേരിടാം എന്ന് നാം മലയാളികള്‍ ഒന്ന് ഇരുത്തി ചിന്തിക്കുന്നത് നന്നായിരിക്കും. നമ്മുടെ കൃഷി സ്ഥലങ്ങളില്‍ വന്‍ ഫ്ലാറ്റുകള്‍ ഉയരുമ്പോള്‍ നമുക്കുണ്ടായ  അഹങ്കാരം ഇന്ന് വലിയ ഭീഷണിയായി നമ്മുടെ മുന്‍പില്‍ തിരിഞ്ഞു  നില്‍ക്കുന്നു. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് നമ്മുടെ വയറിന്‍റെ വിശപ്പിനെ ശമിപ്പിക്കനകുമോ? . വലിയ വലിയ കോണ്‍ക്രീറ്റ് കൂടാരങ്ങളല്ല വികസനം എന്ന് ഇനിയെങ്ങിലും നാം മലയാളികള്‍  മനസിലാക്കണം. നമ്മുടെ  നിക്ഷേപം ഇനി കാര്‍ഷിക കേരളത്തിന്റെ വികസനത്തിന്‌ കൂടെ വേണ്ടിയാകണം. മലയാളിയുടെ ആത്മാഭിമാനത്തില്‍ മുറിവ് ഏല്പിക്കാന്‍  ഒരാളെയും അനുവദിക്കാന്‍ പാടില്ല. നമ്മുടെ നിലവിലുള്ള കൃഷിയിടങ്ങളില്‍ എങ്കിലും  ഇനിയുള്ള നാളുകളില്‍ പച്ചപ്പുകള്‍ വളരണം. പഴങ്ങളും പച്ചക്കറികളും നമ്മുടെ മണ്ണില്‍ വിളയണം. നമുക്കുവേണ്ടി കൃഷിയില്‍ മുഴുകിയിരിക്കുന്ന കര്‍ഷകരെ സംരക്ഷിക്കാന്‍  നാം തന്നെ മുന്നോട്ടു വരണം.  ജാതിയുടെയും മതത്തിന്‍റെയും അതിര്‍ വരബുകളില്ലാതെ,  ഒരു ജനതയുടെ നിലനിപിനു വേണ്ടി ആയിരിക്കണം ഇനി നാം  മനുഷ്യ മതില്‍ തീര്‍ക്കേണ്ടത്. "ആദ്യം ഭക്ഷ്യ സുരക്ഷ  പിന്നെ വികസനം"  ഇതായിരിക്കട്ടെ വരാന്‍  പോകുന്ന  പുതു തലമുറക്കായി  നാം ഉയര്‍ത്തുന്ന പുതിയ  മുദ്രാവാക്യം.  



വ്യാഴാഴ്‌ച, ഡിസംബർ 8

നേഴ്സ്മാരുടെ സമരം ന്യായമോ?

കേരളം മുല്ലപെരിയാര്‍ വിഷയത്തില്‍ മുഴുകിയിരിക്കുന്ന സമയത്ത് കാണാതെ പോയ അഥവാ കണ്ടില്ലെന്നു നടിച്ച ഒരു സംഭവമാണ് ഇന്നത്തെ എന്‍റെ ബ്ലോഗിന്‍റെ വിഷയം. കേരളത്തില്‍ അസംഘടിത മേഘലയില്‍ ഒട്ടനവധി ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട് .തങ്ങളുടെ അവകാശങ്ങള്‍ക്കായി സംഘടിക്കാന്‍ ഇവര്‍ ഓരോരുത്തരായി  മുന്നോട്ടുവരുന്നതായി നമുക്ക് കാണാം. അതില്‍ പെടുന്ന  ഒരു വിഭാഗമാണ് സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നേര്‍സുമാര്‍ . അസംഘടിതരായ ഇവരെ ഒരുമിപ്പിക്കാനായി ഒരു സംഘടന ഉണ്ടാകുകയും. ചില പ്രമുഖ ആശുപത്രികളില്‍ ഇവര്‍ സമര മുഖത്തിലേക്ക് തിരിയുകയും ചെയ്തു. രാപകലില്ലാതെ അദ്ധ്വാനിക്കുന്ന ഇവരെ കണ്ടില്ലെന്നു നടിക്കാന്‍ നമ്മുടെ സമൂഹത്തിനു കഴിയില്ലെന്നതുകൊണ്ട് തന്നെ, ഇവിടങ്ങളില്‍ നടന്ന സമരം  കുറച്ചുഎങ്കിലും ജനശ്രദ്ധ പിടിച്ചു പറ്റാനായി. മറ്റേതു സ്വകാര്യ മാനെജമെന്റും   ചെയ്യുന്നതുപോലെ. ഈ സമരത്തെ അടിച്ചമര്‍ത്താന്‍ ഗുണ്ടായിസം പ്രയോഗിക്കാന്‍ ഒരു ശ്രമവും നടന്നു.രാഷ്ട്രീയ തലത്തിലും  സര്‍കാര്‍ തങ്ങളിലും  ഉണ്ടായ  ഇടപെടലുകള്‍ ആശാവഹമായ ചില  തീരുമാനങ്ങളിലേക്ക് എത്തിച്ചേരുവാന്‍ സഹായിച്ചു  എന്നാണ് നമുക്ക് അറിയുവാന്‍ കഴിയുന്നത്‌. ഏതായാലും അധികം  സംഖര്‍ഷങ്ങളികേക്ക്  നയിക്കാതെ പ്രശങ്ങള്‍ക്ക് ഒരു പരിധി വരെ തീരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നത് ആശ്വസത്തിനു വക  നല്‍കുന്നു. ഇത് കേവലം നേഴ്സ് മാരുടെ പ്രശനം മാത്രമല്ല സ്വകാര്യ ആരോഗ്യ മേഖലയില്‍  പണിയെടുക്കുന്ന ഒട്ടനവധി തൊഴിലാളികളുടെയും പ്രശനം ആണ്.നേഴ്സ് മാര്‍ക്കു വേണ്ടി അവരുടെ സംഘടന രംഗത്ത് വന്നതുകൊണ്ട് അവര്‍ സമര മുഖത്തേക്ക് തിരിഞ്ഞു എന്ന് മാത്രം . മറ്റു ജീവനക്കാര്‍ക്ക് സംഘടിക്കാന്‍  സംഘടന ഇല്ലാത്തതുകൊണ്ട് അവര്‍ ഇപ്പോള്‍ പ്രത്യക്ഷ സമരത്തിലേക്ക്  കടന്നിട്ടില്ല.  സ്വകാര്യ ആശുപത്രികള്‍ കോടിക്കണക്കിനു ലാഭം വരിക്കൂട്ടുമ്പോള്‍ അവരുടെ ഉയര്‍ച്ചക്ക് വേണ്ടി രാപകലില്ലാതെ അദ്ധ്വാനിക്കുന്ന  ആശുപത്രി ജീവനക്കാരെ ആയിരവും രണ്ടായിരവും നല്‍കി ഭീഷണിപ്പെടുത്തി അടക്കി നിര്‍ത്തുന്ന സ്വകാര്യ ആശുപത്രി അധികൃതര്‍ക്ക് ഇതൊരു മുന്നറിയിപ്പാണ്. പ്രാകൃതമായ ഈ മാനേ ജുമെന്ടു രീതി ഇവര്‍ മാറ്റേണ്ട  കാലം അതിക്രമിചിരിക്കുന്നു . ഒരു ആശുപത്രിയുടെ  വളര്‍ച്ചക്കും ജനശ്രദ്ധക്കും ഏറ്റവും പ്രധാനം അവരുടെ നഴ്സിംഗ് സംവിധാനമാണ്. രാപകലില്ലാതെ രോഗികളുടെ വേദനക്ക് ശാന്തി പകരാന്‍ പരിശ്രമിക്കുന്ന ഈ വിഭാഗത്തെ സമരത്തിന്‍റെ മാര്‍ഗത്തിലേക്ക് തള്ളിവിട്ടതിന് അതതു സ്ഥാപനങ്ങളും ഒപ്പം തന്നെ  നമ്മുടെ സര്കരും ഉത്തരവാദിയാണ്‌. സര്‍കാര്‍ ആശുപത്രിയിലെ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ക്ക് സമാനമായി  സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ നമ്മുടെ ഭരണ കര്‍ത്താക്കള്‍ക്കു കഴിയില്ല എന്നാ സത്യം മനസിലാക്കികൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഗവേര്‍ന്മെന്റിന്റെ  ചില ഇടപെടലുകള്‍ കേരളസമൂഹം  പ്രതീക്ഷിക്കുന്നുണ്ട്. ആശുപത്രികളുടെ വരുമാനതിനും പദവിക്കും അനുസരിച്ച്, തങ്ങളുടെ ജീവനക്കാര്‍ക്ക് തക്കതായ പ്രതിഫലം നല്‍കുന്നുണ്ടെന്ന് നമ്മുടെ തൊഴില്‍ വകുപ്പ് ഉറപ്പുവരുത്തണം. മിനിമം വെജസും മറ്റു ആനുകൂല്യങ്ങളും മറ്റാരെക്കാളും അര്‍ഹതയുള്ള ഒരു വിഭാഗമാണ് നമ്മുടെ നഴ്സിംഗ് സമൂഹം. കാരണം മറ്റൊന്നല്ല അവരുടെ സാന്ത്വനമാണ് നമ്മിലെ രോഗികളിലെ ആത്മവിശ്വാസം. കേരളത്തില്‍ നഴ്സിംഗ് പഠിച്ചിറങ്ങുന്ന ആയിരങ്ങള്‍ക്ക് ജോലി നല്കാന്‍ നമ്മുടെ സര്കാരുകള്‍ക്ക് കഴിയില്ല എന്നിരിക്കെ, സ്വകാര്യ മേഖലയില്‍ പണിയെടുക്കുന്ന ലക്ഷക്കണക്കിന്‌  ആശുപത്രി ജീവനക്കാര്‍ക്ക് മാന്യമായ പ്രതിഫലം ഉറപ്പു വരുത്താന്‍ നമ്മുടെ സര്കാരുകള്‍ക്ക് കഴിയണം. ഇതിനായി ഇന്ന് കേരളത്തില്‍ നിലവിലുള്ള  നിയമങ്ങള്‍ തന്നെ ധാരാളം മതി. എത്രയും വേഗത്തില്‍ ഇതിനുള്ള പരിശ്രമങ്ങള്‍ ഉണ്ടയില്ലെങ്ങില്‍ ഇനിയും ഇത്തരം സമരങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയുണ്ട് . അത് മാരകമായ അസുഖങ്ങള്‍ക്ക് ചികിത്സ തേടി നമ്മുടെ ആശുപത്രികളില്‍ കഴിയുന്ന രോഗികള്‍ക്ക്  വളരെ അധികം ബുദ്ധിമുട്ട് ഉളവാക്കും. തങ്ങളുടെ അവകാശങ്ങളെ കുറിച്ച് സ്വയം ബോധ്യപ്പെട്ട് അവകാശങ്ങള്‍ക്കായി സമര രംഗത്തേക്ക് കടന്നു വരുന്ന നേഴ്സ് മാര്‍ക്ക് ഗുണ്ടയിസത്തില്‍ നിന്ന്  സംരക്ഷണം നല്‍കേണ്ടത് നമ്മുടെ സമൂഹത്തിന്‍റെതന്നെ ബാധ്യത ആണ്.ഒപ്പം തന്നെ രോഗത്തിന് അടിമപ്പെട്ട്‌ ആശുപത്രി കളില്‍ കഴിയുന്ന നമ്മുടെ പാവം രോഗികളെ നിരാലംബരക്കിഒരു സുപ്രഭാതത്തില്‍ സമരമുഖത്തേക്ക്‌ തിരിയരുത്‌ എന്നോരപെക്ഷയും ഞങ്ങള്‍ നിങ്ങളുടെ മുന്നില്‍ വക്കുന്നു. 

നമ്മുടെ ആരോഗ്യ രംഗത്ത് പണിയെടുക്കുന്ന ലക്ഷക്കണക്കിന്‌ ജീവനക്കാരുടെ  മാനസിക സംതൃപ്തിയാണ് പകര്‍ച്ച വ്യധികളാല്‍  കഷ്ടപ്പെടുന്ന നമ്മുടെ കേരള സമൂഹത്തിനു കൂടുതല്‍ ഗുണകരമാകുക എന്നാ യാഥാര്‍ത്ഥ്യം നമ്മുടെ ഭരണ കര്‍ത്താക്കള്‍ തിരിച്ചറിയും എന്ന്  നമുക്ക് പ്രത്യാശിക്കാം. 


തിങ്കളാഴ്‌ച, ഡിസംബർ 5

മുല്ലപെരിയാര്‍ കേരളത്തിന്‍റെ പ്രാദേശിക വാദ ചിന്ത ഉണര്തുമോ?

കേരളത്തിന്‍റെ പുതിയ ഡാം എന്ന ആശയം ഇതുവരെ അംഗീകരിക്കാന്‍ കേന്ദ്ര സര്‍കാര്‍ തയ്യാറായിട്ടില്ല എന്നത് മലയാളികളെ സംബന്ധിച്ച് വളരെ അധികം നീരസം ഉളവാക്കുന്ന ഒന്നാണ്.എന്നാല്‍ എത്രയും വേഗം ഒരു തീരുമാനത്തില്‍ എത്താന്‍ കേന്ദ്ര സര്കരിനു കഴിയും എന്നും നമുക്ക് വിശ്വസിക്കാന്‍ തരമില്ല. ഇതിനു കാരണം മറ്റൊന്നുമല്ല തമിഴ്നാട്‌ സര്‍കാരിന്റെ  അതി ശക്തമായ നിലപാട് തന്നെ.ഒരു രാഷ്ട്രീയ കക്ഷി എന്ന നിലക്ക് കൊണ്ഗ്രെസ്സിനു ചില പരിമിതികള്‍ ഉണ്ട് ഒന്നാമതായി ഒരു ഫെഡരല്‍ ഭരണ വ്യവസ്ഥിതിയില്‍ ഒരു സര്കാറിനു  അനുകൂലമായി തര്‍ക്കത്തില്‍ ഇരിക്കുന്ന വിഷയത്തില്‍ പെട്ടെന്ന് ഒരു തീരുമാനം എടുക്കാന്‍ ഭരണ പരമായ ചില തടസങ്ങള്‍ ഉണ്ട് . അതിനപ്പുറം തീരുമാനം എടുക്കുന്ന ഭരണകൂടം കേവലം തമിഴ്നാടിന്‍റെ എം പി മാരുടെ ബലത്തിലാണ് ഭരണം നടത്തുന്നത്. അപ്പോള്‍ തീരുമാനം നടിപ്പില്‍ വരുത്താന്‍ ഭരണം നിലനിര്‍ത്താന്‍ തന്നെ വളരെ കഷ്ടപ്പെടേണ്ടി വരും . ഒരു രാഷ്ട്രീയ കക്ഷി എന്ന നിലയില്‍ കേരളത്തിന്‍റെ തീരുമാനത്തിന് പൂര്‍ണമയും അനുകൂലമായി നില്‍കാന്‍ ഇന്ന് നിലവിലുള്ള ദേശീയ പാര്‍ടികള്‍ക്ക് കഴിയില്ല എന്ന വാസ്തവം നാം മലയാളികള്‍ ഇതിനോടകം മനസിലാക്കി കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ ഇരുപതു   എം പി മാരെ   ഉപയോഗിച്ച് ഇന്ത്യ മഹാ രാജ്യത്തിന്‍റെ ഭരണം നടത്താം   എന്ന വ്യാമോഹം   ഒരു ദേശീയ കക്ഷിക്കും ഉണ്ടാകാന്‍ ഇടയില്ല.  . അതൊരു പരമമായ സത്യവുമാണ്. പോയ കുറെ വര്‍ഷങ്ങളായി നാം മുല്ല പെരിയാറിന്റെ പുനര്‍ നിര്‍മാണത്തെ  കുറിച്ച് മുറവിളി കൂട്ടി തുടങ്ങിയിട്ട്. പക്ഷെ ഇതിനു ഒരു ശാശ്വതമായ ഒരു തീരുമാനം ഉണ്ടാകാത്തതിന്റെ പ്രധാന കാരണവും ഇതല്ലാതെ  മറ്റൊന്നല്ല. 

കഴിഞ്ഞ രണ്ടു മൂന്ന്  ആഴ്ചകളിലായി  ഈ വിഷയം രാഷ്ട്രീയ ഭേദമന്യേ  എല്ലാ വരും ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ് . നിയമപരമായി നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന് സാകൂതം ചിന്തിക്കുകയും ചെയ്യുന്നുണ്ട് . തീര്‍ച്ചയായു നാം മലയാളികള്‍ നമ്മുടെ രാഷ്ട്രീയ നേതാക്കളെയും അവരുടെ പ്രവത്തനങ്ങളെയും മുഖവിലക്ക് എടുത്തേ മതിയാകൂ. അതിനോടൊപ്പം തന്നെ ഈ സംഭവം നമ്മെ ഒരു കാര്യം കൂടെ പഠിപ്പിച്ചു  തരുന്നു. നമ്മള്‍ മലയാളികളുടെ രാഷ്ട്രീയം എന്തായിരിക്കണം എന്ന  തിരിച്ചറിവ്  .വിദ്യാസമ്പന്നരായ നാം മലയാളികള്‍ എല്ലാതരം  പ്രാദേശിക വാദത്തെയും  എതിര്കുന്നവര്‍ ആണ് . പക്ഷെ കാലം ഇതെല്ലം ഒരു വര്‍ണ ചിത്രം പോലെ നാം മലയാളിക്ക് മുന്നില്‍ മുല്ലപെരിയറിന്റെ രൂപത്തില്‍ വരച്ചു കാട്ടുന്നു. ഉയര്‍ന്ന രാഷ്ട്രീയ ബോധമുള്ള മലയാളി തെരുവില്‍ പ്രകടനം നടത്തിയും , ഉപവാസം നടത്തിയും പ്രത്ഷേധിക്കുമ്പോള്‍ കേവലം തങ്ങളുടെ പാര്‍ലമെന്റിലെ സംഘ ബലം കൊണ്ട് മാത്രം കേന്ദ്ര മന്ത്രിസഭയെ പ്രതിരോധതിലക്കുന്ന കാഴ്ച നാം കണ്ടു കൊണ്ടിരിക്കുന്നു. 

നമുക്ക് കേരള രാഷ്ട്രീയതിലേക്കു വന്നാല്‍ കോണ്‍ഗ്രസ്‌ മന്ത്രിസഭ അക്ഷരാര്‍ഥത്തില്‍ പ്രതിരോധത്തിലാണ്. ഇടുക്കിയിലെ അണകെട്ടിലെ വെള്ളം താഴ്ത്തി അവര്‍ അത് തെളിയിച്ചിരിക്കുന്നു. ഇപ്പോള്‍ മുല്ലപെരിയറില്‍ നിന്നുള്ള വെള്ളം ഇടുക്കിയില്‍ ശേഖരിക്കാന്‍ ആകും എന്ന് സംസ്ഥാന മന്ത്രി സഭ കോടതി സമക്ഷം ബോധിപ്പിച്ചിരിക്കുന്നു. നമ്മുടെ മന്ത്രിമാര്‍ ഒരു കാര്യം മറന്നു പോയി വരാന്‍  പോകുന്ന  കാലവര്‍ഷം ഇനി ഇടുക്കിയിലെയും  മുല്ലപെരിയരിലെയും  ജലനിരപ്പ്‌ ഉയര്‍ത്തിയാല്‍ എന്ത് ചെയ്യും? ഏതെങ്കിലും കാരണവശാല്‍ ഒരു വലിയ ഭൂകമ്പം ഉണ്ടായാല്‍ ഇടുക്കി ഡാമിന്‍റെ  സ്ഥിതി എന്തായിരിക്കും?  ഒരു സാധാരണക്കാരന്‍റെ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ തികച്ചും ന്യായമാണ് താനും. അതിനൊന്നും വ്യക്തമായ ഉത്തരം നല്കാന്‍ നമ്മുടെ ഭരണ കൂടത്തിനു കഴിയ്മെന്നും തോന്നുന്നില്ല.ആകെ കൂടെ ചങ്കൂറ്റത്തോടെ പറയാന്‍ നമുക്ക് ഒരു കേരള കോണ്‍ഗ്രസ്‌ എന്ന സംഘടന മാത്രം.അവര്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍നടത്തുന്നുമുണ്ട്   . ഇത് കേരള കോണ്‍ഗ്രസിനെ പുകഴ്ത്താന്‍ വേണ്ടി പറഞ്ഞതല്ല. മുല്ല പെരിയാര്‍ വിഷയം കേരള കോണ്‍ഗ്രസിന്‌ ഒരു ജീവന്‍ മരണ പോരാട്ടമാണ്.ഈ  ഡാം പൊട്ടിയാല്‍ ഏറ്റവും   കൂടുതല്‍ നഷ്ടം ഉണ്ടാകാന്‍ പോകുന്ന രാഷ്ട്രീയ കക്ഷി എന്ന നിലയില്‍ അവര്‍ ഇത്തരത്തില്‍ ഒരു തീരുമാനം എടുതതിലും അത് നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നതിലും നമുക്ക് ഒരിക്കലും തെറ്റ് പറയാന്‍ കഴിയില്ല. പക്ഷെ ഇവിടെ ഉദിക്കുന്ന കാതലായ ഒരു ചോദ്യമുണ്ട് .കേരളത്തിലെ ജനങ്ങളുടെ മനസ്സില്‍ പ്രാദേശിക വാദത്തിന്റെ  ചിന്തകള്‍ ഉണര്‍ത്താന്‍ മുല്ലപെരിയാര്‍ വിഷയം കാരണമായോ എന്നത് ? ഇതിനുള്ള ഉത്തരം ഇതിനോടകം നമ്മുടെ എല്ലാം മനസ്സില്‍ രൂപപ്പെട്ടിരിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു. മാത്രമല്ല ഇത്  കേരള സമൂഹം വരും കാലങ്ങളില്‍ ചര്‍ച്ച ചെയ്യാന്‍ സാധ്യത കല്പിക്കുന്ന ഒരു വിഷയമായിരിക്കും .പക്ഷെ ഇതെല്ലം മുല്ല  പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍കാരുകള്‍ എടുക്കുന്ന തീരുമാനവുമായി ബന്ധപ്പെട്ടിരിക്കും എന്ന  കാര്യത്തില്‍ സംശയമേതുമില്ല.   എന്ന് കരുതി തമിഴന്‍റെ തമിഴക വാദവും ആന്ധ്ര പ്രദേശിലെ തെലുങ്കാന വാദവും ശരിയാണ് എന്നു പറയാന്‍ ഒരു മലയാളിക്ക് ഒരിക്കലും ആവില്ല. മറിച്ച്  ഒരു ജീവന്‍ മരണ പ്രശനം വന്നപ്പോള്‍ ഓരോ ദേശീയ കക്ഷികളും എടുത്ത പ്രതിരോധത്തിലൂന്നിയ നിലപാട്   മനസിലാക്കാന്‍ മാത്രമുള്ള രാഷ്ട്രീയ അവബോധം നാം മലയാളികള്‍ക്ക് ഉണ്ട്  എന്നു തുറന്നു പറയാന്‍  നാം  തയ്യാറാവണം. കേരളത്തിന്‍റെ വിഷയത്തിനായി സംസാരിക്കുന്ന നേതാക്കളെ  പാര്‍ടിയില്‍ നിന്ന് തെറിപ്പിക്കാന്‍ ശ്രമിക്കുന്നവരെ നാം തിരിച്ചറിയുക തന്നെ വേണം അത്  ഏതു രാഷ്ട്രീയ പാര്‍ട്ടി ആയിരുന്നാലും ശരി .ഇപ്പോള്‍ നാം വേണ്ടത് അനാവശ്യത്തിന് വേണ്ടി മാത്രം എപ്പോഴും  വായ  തുറക്കുന്ന ചില നേതാക്കന്മാര്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എന്ത് പറയുന്നു എന്നു സാകൂതം ശ്രദ്ധിക്കുക. മുല്ലപെരിയാറിനു ഒന്നും സംഭാവിചില്ല്ങ്കില്‍   ഇനിയും പോളിംഗ് ബൂത്തിലേക്ക് വോട്ടു ചെയ്യാനായി  ജനങ്ങള്‍ കടന്നു വരും  എന്നു നാം അവരെ  ഒന്ന് ഓര്മപെടുതുന്നത്. നന്നായിരിക്കും. അക്രമത്തിന്‍റെ  പാത നാം മലയാളികള്‍ക്ക്  വശമില്ല എന്നു ബോധ്യപ്പെടുതിക്കൊണ്ട് തന്നെ , നിയമത്തിന്‍റെ മാര്‍ഗത്തിലൂടെ ഒരു പുതിയ ഡാം നിര്‍മിച്ചു രാഷ്ട്രത്തിന്   മാതൃകയാകാന്‍ നമുക്ക് കഴിയും എന്ന് തന്നെയാണ്  എന്‍റെ വിശ്വാസം. അത്രയും കാലം നമ്മുടെ ജീവനും   സ്വത്തിനു സംരക്ഷണം നല്കാന്‍ സാക്ഷാല്‍ സര്‍വശക്തനായ ദൈവമല്ലാതെ മറ്റാരുമില്ല എന്നു വിശ്വസിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഒന്നും  നമ്മളുടെ മുന്നില്‍ ഇല്ല.