ഞായറാഴ്‌ച, സെപ്റ്റംബർ 30

കണ്ടതും കേട്ടതും

1.0 കള്ള്  ആരോഗ്യത്തിനു നല്ലതെന്ന് രമേശ്‌ ചെന്നിത്തല 
ഇതും ഹൈ കാമാണ്ടിന്റെ അഭിപ്രായം ആയിരിക്കും. പാവം കേരളീയന്‍ ഇതല്ല ഇതിന്റെ അപ്പുറവും കേള്‍കേണ്ടിവരും 
2.0 പാചക വാതകം വീട്ടില്‍ എത്തിക്കുന്നത് നിര്ത്തുന്നു
ഇനി പാചകവാതകം എന്നാണ് നിറുത്തുന്നത്  എന്ന് മാത്രം അറിഞ്ഞാല്‍ മതി 
3.0 ഒരാള്‍ കള്ള് കുടിക്കണോ വേണ്ടയോ എന്ന് ജഡ്ജിമാര്‍ തീരുമാനിക്കേണ്ട എന്ന് മന്ത്രി 
തൃ പൂനിതുറ ക്കാര്‍ക്ക് ഇനി കള്ളുകുടിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകാന്‍ ഇടയില്ല 
4.0 കേല്കര്‍ സമിതിയുടെ സബ്സിഡി നിര്‍ദേശം മാത്രം നടപ്പിലാകാന്‍ സര്കരിനു തിടുക്കം 
സാധാരണ ജനത്തിന് ദോഷമുണ്ടാക്കുന്നത് ആദ്യം നടപ്പിലാക്കാം പിന്നെ മതി  പണക്കാരന്റെ കീശയില്‍ കയ്യിടല്‍ 
5.0 വയനാട്ടില്‍ കര്‍ഷകന്‍ ജീവനൊടുക്കി 
കേന്ദ്ര കേരള സര്‍ക്കാരുകള്‍ കര്‍ഷകരെ രക്ഷിക്കാന്‍ വിദേശ നിക്ഷേപം കൊണ്ട് വരുന്നു . ഇനി രാജ്യത്തിന്‍റെ ഭരണം  വിദേശികള്‍ക്ക് കൊടുത്തു നോക്കാം 

ഞായറാഴ്‌ച, സെപ്റ്റംബർ 16

നമ്മുടെ രാജ്യം ഇപ്പോള്‍ എങ്ങോട്ടാണ്‌ പോകുന്നത് ?

നമ്മുടെ രാജ്യം ഇപ്പോള്‍ എങ്ങോട്ടാണ്‌  പോകുന്നത് ? ഒരു പക്ഷെ ആര്‍ക്കും കൃത്യമായ ഒരു ഉത്തരം തരാന്‍ ആകില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഉയര്‍ന്നു വരുന്ന പണപ്പെരുപ്പം, അവശ്യ സാധനങ്ങളുടെ ക്രമാതീത മായ വില വര്‍ധന, രാഷ്ട്രീയ നേതൃത്വത്തിന്‍റെയും  ഉദ്യോഗസ്ഥ പ്രമാണിമാരുടെയും  കേടു കാര്യസ്ഥതയും  അഴിമതിയും സ്വജന പക്ഷപാതവും വര്‍ഗീയ ധ്രുവീകരണവും എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത പ്രശനങ്ങളുടെ നടുവിലാണ് ഇന്ന് നമ്മുടെ ഭാരതം. ഒരു സാധാരണ പൌരന്‍റെ കാഴ്ചപ്പാടിലൂടെ നോക്കിയാല്‍ ഒരു പക്ഷെ ഉത്തരം കണ്ടെത്താന്‍ നമുക്ക് പ്രയാസമായി എന്നുവരാം .സ്വതന്ത്ര ഇന്ത്യയുടെ അറുപത്തി അഞ്ചു വയസുകള്‍  പിന്നിട്ട് ഇന്ന് നാം എത്തിനില്‍ക്കുന്നത്‌ സ്വതത്ര്യതിനായി ജീവന്‍ കൊടുത്ത നമ്മുടെ ധീര ദേശാഭിമാനികള്‍ സ്വപ്നം കണ്ട ഇന്ത്യയിലാണോ? നിശ്ചയമില്ല!  ലോകത്തിന്‍റെ മാറ്റത്തിനു അനുസരിച്ച് നാം ഒരുപാട് മാറിപ്പോയിരിക്കുന്നു. അമരക്കാരനെ നഷ്ടപ്പെട്ടു എങ്ങോട്ടെന്നില്ലാതെ ഒഴുക്കിനൊപ്പം നാം നീങ്ങുകയാണ്. 

തൊള്ളായിരത്തി നാല്പത്തി ഏഴില്‍ ബ്രിട്ടീഷുകാര്‍  ഇന്ത്യ വിട്ടു പോകുമ്പോള്‍ നാം തെല്ലൊന്നു അഹങ്കരിച്ചു ഇനി നമ്മളെ ഭരിക്കാന്‍ വിദേശികള്‍ വരില്ല എന്ന്. പക്ഷെ നമുക്ക് തെറ്റി. വിദേശികള്‍ ഇവിടെ വന്നത് കച്ചവടത്തിനായിരുന്നു .പിന്നീട്  അവര്‍ ഇവിടെ ആധിപത്യം സ്ഥാപിച്ചത് നമ്മുടെ ഭരണാധികാരികളുടെ സ്വാര്‍ത്ഥതയും ധന മോഹവും കാരണമായിരുന്നു. 65 വര്‍ഷത്തിനിപ്പുറവും  സംഗതികളുടെ പോക്ക് അങ്ങനെ ഒക്കെ തന്നെ എന്നു പറയേണ്ട അവസ്ഥയിലാണ് .ഏതൊരു കച്ചവടക്കാരന്റെയും  ധര്‍മം  ലാഭം ഉണ്ടാക്കുക എന്നതാണ്. അതിനായി അവര്‍ ഏതു മാര്‍ഗവും അവലംബിക്കാം.ആത്യന്തിക ലക്‌ഷ്യം "നമുക്കും കിട്ടണം പണം". ഇന്ദ്രപ്രസ്ഥത്തിലെ കസേരകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അതില്‍ ഇരിക്കുന്നത് ആരായാലും ലോക മുതലാളിമാരുടെ കാര്യങ്ങള്‍ക്കാണ് മുന്‍‌തൂക്കം കൊടുക്കുക  . അതൊരു രാജ പാരമ്പര്യമാണ്. എല്ലാ അഞ്ചു വര്ഷം കൂടുമ്പോള്‍ അര്‍ദ്ധ പട്ടിണിക്കാരന്റെ  കൂരക്കുമുന്പില്‍ കൈകൂപ്പി ഒരു നില്‍പ്പുണ്ട്. Colgate  സ്പോന്സോര്‍ ചെയ്ത നല്ലൊരു മുല്ലപ്പൂ ചിരിയുമായി. അവിടന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് മന്ത്രി പദത്തില്‍ എത്തിയാലോ പിന്നെ പോതുജനം അവര്‍ക്ക് എന്നും കഴുതയാണ്‌... പിന്നെ ഈ കഴുതയുടെ മുതുകിലാണ് പിന്നീടുള്ള അഞ്ചു വര്ഷം. കഴുതയുടെ കരച്ചിലിന് എമാന്മാരുണ്ടോ വില കല്‍പ്പിക്കുന്നു . രാഷ്ട്രീയ കാപട്യത്തിന്റെ വിഴുപ്പും പേറി പാവം കഴുതകള്‍ അടുത്ത അഞ്ചുവര്‍ഷം അങ്ങനെ നടക്കും . ഒരു പക്ഷെ വിശ്രമവേളകളില്‍ ഈ കഴുതകള്‍ ചിന്തിക്കുമായിരിക്കും. ഇവനെ നമുക്ക് ഒരു പാഠം പഠിപ്പിക്കണം. എവിടന്നു നടക്കാന്‍.. കഴുതയ്ക്ക് പറഞ്ഞിരിക്കുന്ന പണി വിഴുപ്പു ചുമട് തന്നെ. പിന്നെ എജമാണനെ മാറ്റാം എന്ന് കരുതിയാല്‍ തന്നെ പുതുതായി വരുന്നവനും അതെ കണക്കു തന്നെ. ഒടുവില്‍ കഴുത  അങ്ങ് തീരുമാനിക്കും. എവന്മാര്‍ എന്തെങ്കിലും ആകട്ടെ നമുക്ക് നമ്മുടെ കാര്യം നോക്കാം. അല്ല പിന്നെ.

എന്തിനാണ് ഇങ്ങനെ പറയുന്നത് എന്ന് നിങ്ങള്‍ ചോതിക്കാത്തത് കൊണ്ടാണ് ഞാന്‍ അധിക പ്രസംഗം പറഞ്ഞത്. കാര്യം നിസ്സാരമാണ് എന്നാല്‍  പ്രശ്നം അതീവ ഗുരുതരവുമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന  ചില മാധ്യമ വാര്‍ത്തകളുടെ ചില തലക്കെട്ടുകള്‍ ഞാന്‍ പറഞ്ഞാല്‍ ഒരു പക്ഷെ കാര്യം നിങ്ങള്ക്ക് മനസിലാകും 

  • വ്യോമയാനരംഗത്ത് വിദേശനിക്ഷേപത്തിന് അനുമതി
  • നാല് പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കും
  • ചില്ലറ വില്‍പ്പനരംഗത്ത് 51 ശതമാനം വിദേശനിക്ഷേപം
  • കൃഷി ഭൂമി വ്യവസയികള്‍ക്കായി പതിച്ചു നല്‍കും
ഇത്  ഒക്കെ വായിച്ചപ്പോള്‍ എനിക്ക് തോന്നിയ വികാരം നമ്മുടെ ഭരണകൂടം ആര്‍ക്കു വേണ്ടി ആണ് ഭരണം നടത്തുന്നത്? അര്‍ദ്ധ പട്ടിണിക്കാരായ കോടിക്കണക്കിനു ഇന്ത്യക്കര്‍ക്കുവേണ്ടിയോ അതോ നമ്മുടെ സമ്പത്ത് കൊള്ള യടിക്കാന്നായി വരുന്ന വിദേശിവ്യവസായികള്‍ക്ക്  വേണ്ടിയോ? ഇന്ത്യയില്‍ വരുന്ന എല്ലാ വ്യവസായിയും  ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നത് നാം ഇന്ത്യക്കാരെ എല്ലാം സമ്പന്നരക്കി  കളയാം എന്നാ വിശ്വാസത്തിലാണ് എന്ന് ആരെങ്ങിലും ധരിച്ചു വശായിട്ടുണ്ടെങ്കില്‍ നിങ്ങള്ക്ക് തെറ്റി. അന്നും ഇന്നും എന്നും ബിസിനസ്‌ എന്നാല്‍ ലാഭം ഉണ്ടാക്കുന്ന പ്രവൃത്തി എന്നാണു അര്‍ഥം. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ബ്രിടീഷുകാര്‍ ഇന്ത്യയില്‍ വന്നതും ഇതിനു തന്നെ ആയിരുന്നു . ഇപ്പോള്‍ കടന്നുവരുന്ന വിദേശ കുത്തകകളും  അന്നത്തെ ബ്രിടീഷുകരും തമ്മില്‍ കാര്യമായ വ്യത്യാസം ഉണ്ടെന്നു തോന്നുന്നില്ല. ഇരുവരുടെയും ഉദ്ദേശ്യം കച്ചവടം ചെയ്തു ലാഭം ഉണ്ടാക്കി സ്വന്തം രാജ്യത്തിന്‌ ഗുണകരമാകുക. അതുവഴി ലോകരാജ്യങ്ങളെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരുക.  പിന്നെ ഒരു കാര്യം ശരിയാണ് . നമ്മുടെ രാജ്യത്തിന്‍റെ നിയമങ്ങള്‍ക്കു വിധേയമായി കച്ചവടം നടത്തുമ്പോള്‍ ഒരു പങ്കു നമുക്കും കിട്ടും . പക്ഷെ നമ്മുടെ രാജ്യത്തെ നിരക്ഷരരും, അര്‍ദ്ധ പട്ടിണിക്കാരുമായ സാധാരണ ജനങള്‍ക്ക് എന്ത് പ്രയോജനം ഉണ്ടാകും എന്നത് കാത്തിരുന്നു  കാണേണ്ടതാണ്. നമ്മുടെ പാരമ്പര്യ കൃഷിനിലങ്ങള്‍, നമ്മുടെ ജീവസ്സുറ്റ കാടുകള്‍എന്നിവ വെട്ടി നിരത്തുമ്പോള്‍ നാം ഒരു കാര്യം മറക്കുന്നു പണം മാത്രം കൈമുതലായി  ഉണ്ടെങ്കില്‍ നമുക്ക് ഈ ഭൂമിയില്‍ ജീവിക്കാന്‍ ആകില്ല എന്നാ മഹാസത്യം . അന്തരീക്ഷ ഊഷ്മാവ് ഒരു പരിധി വിട്ടു കൂടിയാല്‍, ഭൂമി ഒന്ന് കുലുങ്ങിയാല്‍, ഒരു സുനമിതിരമാല നമ്മുടെ തീരങ്ങളില്‍ ആഞ്ഞു അടിച്ചാല്‍, മഴ ഇല്ലാതായാല്‍ അല്ലെങ്ങില്‍ കൂടുതല്‍ മഴപെയ്താല്‍  തീരാവുന്നത്തെ ഉള്ളു നമ്മുടെ ഈ കേവല മനുഷ്യ ജന്മം. നമ്മുടെ നാട് നശിച്ചാല്‍ പകരം നമുക്കൊരു നാടുണ്ടോ? . ലോകത്തെ എണ്ണ റിസര്‍വുകളില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്ക എന്തിനാണ് ഗള്‍ഫില്‍ നിന്ന്  എണ്ണ  വാങ്ങി തങ്ങളുടെ പക്കലുള്ളവ സംരക്ഷിക്കുന്നത്? സ്വന്തം രാജ്യത്തു നിര്മിക്കാതെ മൂന്നാംകിട രാജ്യങ്ങളില്‍ ഉല്‍പ്പാദനം നടത്തി തങ്ങളുടെ ആവശ്യം നിറവേറ്റുന്നത്‌ ? കാരണം ഒന്നേ ഉള്ളു നമ്മുടെ സമ്പത്തു കളില്‍  ഏറ്റവും പ്രധാനം ഭൂപ്രകൃതി  ആണ് എന്ന തിരിച്ചറിവ് ഉള്ളതിനാലാണ്. അതിജീവനത്തിനുള്ള കാലാവസ്ഥ  ഉണ്ടെങ്കില്‍ മാത്രമേ മനുഷ്യന് ഭൂമിയില്‍  നിലനില്‍പ്പുള്ളൂ. ഈ  തിരിച്ചറിവ് നമ്മുടെ ഭരണാധികാരികള്‍ക്ക് ഉണ്ടാകാത്തതാണ് ( അല്ലങ്കില്‍ അറിഞ്ഞതായി നടിക്കതതാണ്)നമ്മുടെ എല്ലാ പ്രശ്നങ്ങള്‍ക്കും  കാരണം. 

നമ്മുടെ ഭരണാധികാരികള്‍ പറയുന്നു പരിസ്ഥിതി ക്ക് കോട്ടം വരുന്ന ഒരു വികസനവും നമുക്ക് വേണ്ട എന്ന്. കേരളത്തില്‍ കൃഷി ഇല്ലങ്കില്‍ ബീഹാറില്‍ നിന്ന് അരി വാങ്ങാമല്ലോ എന്ന് ഒരു മഹാ മനസ്കന്‍ ( ടിയാന്‍ ആസുത്രണം നടത്തി ഇന്ത്യ അങ്ങ് സ്വര്‍ഗമാക്കിമാറ്റത്തെ നോക്കിയാല്‍ നമുക്ക് നന്ന്.) ഈ അടുത്ത കാലത്ത് ഇടുക്കിയില്‍ വെള്ളം കുറഞ്ഞപ്പോള്‍ നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. കേരളത്തിന്‌ ഇതില്‍ കൂടുതല്‍ വൈദ്യുതി നല്‍കാന്‍ ആകില്ല എന്നാണ്. അപ്പോള്‍ ഫെഡരല്‍ സംവിധാനത്തില്‍ പോലും ഒരുപാട് പരിമിതികള്‍ ഉണ്ട്  . നമ്മുടെ നാട്ടില്‍ നെല്‍ കൃഷി ഉണ്ടെങ്കില്‍ നമുക്ക് അരികിട്ടും  , നമ്മുടെ നാട്ടില്‍ നല്ല മഴ ലഭിച്ചാല്‍ നമുക്ക് വൈദ്യുതി ലഭിക്കും അതുവഴി എന്തിനും ഏതിനും മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ നമുക്ക് കഴിയണം. അല്ലെങ്കില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ ഇരുട്ടില്‍ തപ്പേണ്ട ഗതികെടിലാകും. നമ്മുടെ വയലുകളും, കാടുകളും മറ്റുള്ളവര്‍ക്ക് തീറെഴുതി കൊടുക്കുമ്പോള്‍ ഒരു നിമിഷംനമ്മുടെ  ഭാവി എന്താകും എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.സര്‍വസ്വവും അന്യരുടെ മുന്നില്‍  അടിയറവു വയ്ക്കുന്ന വികസനമല്ല നമുക്ക് വേണ്ടത് പകരം നാടിനും നാട്ടുകാര്‍ക്കും ഗുണകരമാകുന്ന ഹരിത വികസനം ആകണം നമ്മള്‍ മാതൃക ആക്കേണ്ടത്.  ഇക്കണോമിക് സിദ്ധാന്തങ്ങള്‍ കൊണ്ട് രൂപയുടെ മൂല്യം വര്‍ധിപ്പിക്കാം പിന്നെ  രാജ്യത്തിന്‍റെ GDP മെച്ചപ്പെടുതാനും കഴിഞ്ഞേക്കാം  പക്ഷെ  കാലാവസ്ഥ വ്യത്യാസപ്പെടുത്താന്‍ കഴിയില്ല, നഷ്ടപ്പെട്ട കാടുകളെ വിലക്ക് വാങ്ങാന്‍ കഴിയില്ല, പരിസ്ഥിതി മലിനമായ അന്തരീക്ഷത്തെ ശുദ്ധീകരിക്കാന്‍ കഴിയില്ല കേവലം വ്യവസായ വളര്‍ച്ചയുടെ ഉപോല്‍പ്പന്നമായ കാന്‍സറിനു പോലും മരുന്ന് കണ്ടുപിടിക്കാന്‍ കഴിയില്ല എന്നാ പച്ച പരമാര്‍ത്ഥം നമ്മുടെ ജന നായകര്‍ കണ്ടില്ലെന്നു നടിക്കരുത്.   ഈ മാറിയ വേളയില്‍ നമ്മുടെ നിലനില്പ്പിനാവശ്യം  പാരിസ്ഥിതിക ധന തത്വ ശാസ്ത്രമാണ്  .

നമ്മുടെ രാജ്യം ഇപ്പോള്‍ എങ്ങോട്ടാണ് നീങ്ങുന്നത്‌ എന്നത് ? ഇത് നാം ഓരോരുത്തരുടെയും മുന്നിലുള്ള ചോദ്യമാണ് . അതിനു ഉത്തരം നല്‍കേണ്ട ചുമതല നമുക്ക് മാത്രമാണ് . അതിനു കഴിയാതെ പോയാല്‍ നമുക്ക് ദൈവം  നമുക്ക് തന്ന ഈ ഭൂമിയും സുന്ദരമായ മനുഷ്യ  ജന്മവും  വൃഥാവിലാകും. 

തിങ്കളാഴ്‌ച, ഓഗസ്റ്റ് 27

ഓണം ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകള്‍

ഓണം !  മനസ്സില്‍ ഒരായിരം പൂക്കളങ്ങള്‍ തീര്‍ക്കുന്ന ആ നല്ല ദിവസങ്ങള്‍ ഇഷ്ടപ്പെടാത്തവരുണ്ടോ? കാലത്തിനു മായ്ച്ചു കളയാനാകാത്ത കുറെ നല്ല നിമിഷങ്ങള്‍ എന്‍റെ മനസിലുമുണ്ട് . തൊടികളില്‍   പൂകളും തുമ്പയും തേടി നടന്നതും മണ്ണുകൊണ്ട് തൃക്കാക്കരയപ്പനെ ഉണ്ടാക്കിയതും,പായസവും സദ്യയും അങ്ങിനെ എല്ലാം എല്ലാം. നമ്മുടെ മനസിലേക്ക് ഓടി എത്തുന്ന ഓണക്കാലം ഗൃഹാതുരത്വം ഉണര്‍ത്തുന്ന  ആഖോഷ ദിനങ്ങളാണ് ഒപ്പം വര്‍ണാഭമായിരുന്ന  നമ്മുടെ  ബാല്യ കൌമാരങ്ങകൂടെ  ഒരു ഓര്മ പ്പെടുതതലും. ജീവിതത്തിന്‍റെ മധ്യാന്നത്തില്‍   നില്‍ക്കുമ്പോള്‍ ഞാന്‍ എന്‍റെ ആ നല്ല  ഓണ നാളുകള്‍ ഓര്‍ത്തു പോകുകയാണ്  ഒപ്പം ഞാന്‍ നഷ്ടപ്പെടുത്തുന്ന  എന്‍റെ മക്കളുടെ ഓണസങ്കല്‍പ്പങ്ങളും. പുതിയ തലമുറയെ നാം പലപ്പോഴും കുറ്റപ്പെടുത്തുന്നത് അവര്‍ക്ക് ഇത്തരം ആഖോഷങ്ങളോട്  താല്‍പ്പര്യം ഇല്ല എന്നാണ് പക്ഷെ അതിനു ഉത്തരവാദികള്‍  ഒരു പക്ഷെ നാം തന്നെ ആണ് . നമ്മുടെ കുഞ്ഞുങ്ങളുടെ മനസ്സില്‍ ആഖോഷ ത്തിന്  അതിര്‍വരമ്പുകള്‍ തീര്‍ത്തു ഒറ്റപ്പെടുത്തുന്ന അഭിനവ ചെയ്തികള്‍ പലതും വരും കാലങ്ങളില്‍ ഇത്തരം ആഖോഷങ്ങളുടെ പ്രസക്തിതന്നെ  ഇല്ലാതാക്കാന്‍ ഇടയാക്കിയേക്കും. ജീവിത പ്രാരാബ്ദ്ധങ്ങള്‍ക്ക് നടുവിലും  അച്ഛനമ്മ മാര്‍ക്ക് തങ്ങളുടെ കുഞ്ഞുങ്ങള്‍ക്കായി  ഒരു നല്ല ഓണം സമ്മാനിക്കാന്‍ കഴിയുമാറാകട്ടെ എന്ന് ആഗ്രഹിച്ചു പോകുകയാണ്. ഒരു കുമ്പിള്‍ കാക്കപ്പൂവും തുമ്പ പൂവും കൊണ്ട്   അവര്‍ തങ്ങളുടെ മനസുകളില്‍ സ്നേഹത്തിന്‍റെയും  സൗഹൃദത്തിന്‍റെയും പുതിയ പൂക്കളങ്ങള്‍  തീര്‍ക്കട്ടെ. !! 

 സ്നേഹത്തിന്‍റെ , സൌഹൃദത്തിന്‍റെ ഒരായിരം ഓണാശംസകള്‍ 



ബുധനാഴ്‌ച, ജൂൺ 13

മരണത്തിലൂടെ ജന്മം കൊള്ളുന്നവര്‍.

ഇരുട്ടിന്‍റെ  മറവില്‍ പതിയിരുന്ന മരണത്തിന്‍റെ  കാല്‍പെരുമാറ്റം ഒരു പക്ഷെ ചന്ദ്രശേഖരന്‍ കേട്ടിരിക്കില്ല . തന്‍റെ ഒടുവിലത്തെ യാത്രയാണ് എന്നറിയാതെ സ്വയം മരണം കൈ നീട്ടി വങ്ങുമ്പോള്‍ തന്‍റെ മുഖത്ത് അന്‍പത്തൊന്നു വെട്ടുകള്‍ ഏറ്റുവാങ്ങുമ്പോള്‍ ഒരു പക്ഷെ ആദ്ദേഹം എന്തായിരിക്കും ചിന്തിച്ചിരിക്കുക. പാവപ്പെട്ടവന്റെ മോചനത്തിനായി ഒരു കമ്യുണിസ്റ്റ് ആയ എന്‍റെ രക്തം കൂടി എടുത്തുകൊള്‍ക . നാളെ എന്നിലൂടെ ഞാന്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ അനേകം കമ്യുനിസ്റ്റുകള്‍ ഇവിടെ ജന്മം കൊള്ളട്ടെ.അവര്‍ നമ്മുടെ ഇടയിലെ കപട രാഷ്ട്രീയത്തെ തിരിച്ചറിയട്ടെ .ഓരോ കമ്യുനിസ്റ്റും മരിക്കുന്നത്  ചുരുട്ടിയ മുഷ്ടി ഉയര്‍ത്തിക്കാട്ടിയാണ്. മരണത്തിലൂടെ ജന്മം കൊള്ളുന്നവരാന് അവര്‍.ഒരു കത്തിക്ക് അല്ലങ്കില്‍ ഒരു വടിവാളിന് അവരെ കൊല്ലാനാകില്ല പകരം  അവരെ പുനര്‍ ജനിപ്പിക്കാന്‍ മാത്രമേ കഴിയൂ .മുഖം വെട്ടി  വിക്രിതമാക്കുമ്പോള്‍ അവരുടെ മുഖ കാന്തി കൂടുതല്‍ ശോഭിതമാകുന്നു. മണ്ണില്‍ നിന്ന് അവര്‍ മനസിലേക്ക് കുടിയേറുന്നു, ഒരിക്കലും മായ്ക്കാന്‍ ആവാത്ത വിധം കൂടുതല്‍ വ്യക്തതയോടെ. ഇപ്പോള്‍ ഇരുളില്‍ പരതുന്നത് സഖാവ് ചന്ദ്രശേഖരനല്ല പകരം മൂര്‍ച്ച വച്ചു മിനുക്കിയ കത്തിയുമായി ഇരുളില്‍ പതിയിരുന്നു വെട്ടിയ ഭീരുക്കളായ ചില ആത്മാക്കളാണ്. പ്രിയ സുഹൃത്തുക്കളെ!! കാലം നിങ്ങള്‍ക്കും ചിലത് ബാക്കിവചിരിക്കും. ഒരു പക്ഷെ നിങ്ങളില്‍ ചിലര്‍ ജീവിച്ചിരുന്നതായി പോലും വരും തലമുറ ഓര്‍ക്കാനിടയില്ല. എങ്കിലും ഒരു പക്ഷെ കാലം നിങ്ങള്ക്ക്  മാപ്പുതന്നേക്കാം  ഒരു  പാവം മനുഷ്യനെ മരണത്തിലൂടെ ഉയര്‍ത്തിയതിന് . 

ഞാന്‍ അറിയാത്ത എന്നാല്‍  കൂടുതല്‍ അറിയുന്ന സഖാവിനു ആദരാജ്ഞലികള്‍ !!!


ഞായറാഴ്‌ച, ഏപ്രിൽ 22

മന്ത്രിമാര്‍ക്ക് ജാതി പ്രശ്നമാണോ?

അഞ്ചാം മന്ത്രി  കേരളം ചര്‍ച്ച ചെയ്യുന്ന വലിയ വിവാദം ആയിട്ട് ആഴ്ചകള്‍ കഴിഞ്ഞു. മന്ത്രിയുടെ സത്യാ പ്രതിജ്ഞ  കഴിഞ്ഞു ഭരണവും തുടങ്ങി. പിന്നെ എന്തിനാണ് ഈ വിവാദം എന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നാം. ഉത്തരം ഒന്നേ ഉള്ളു . നമുക്കും കിട്ടണം  അധികാരം. അതിപ്പോ ഏതെങ്കിലും ഒരു മതത്തിന്റെയോ ജാതിയുടെയോ പേരിലായാലും വേണ്ടില്ല. മുസ്ലിം ലീഗ് എന്നാ സംഘടന യുടെ ചരിത്രം പരിശോധിച്ചാല്‍ സമാധാനകംഷികളും സര്‍വ മതങ്ങള്‍ക്കും ബഹുമാനം നല്‍കുകയും സര്‍വോപരി മത നിരപേക്ഷ കാഴ്ചപ്പാട് കൊണ്ട് നടന്നിരുന്ന ഒരു സംഘടന ആയിരുന്നു എന്ന് അവരുടെ കഴിഞ്ഞ കാല ചരിത്രം അറിയുന്നവര്‍ക്ക് അറിയാം .കേവലം ഒരു മന്ത്രി സ്ഥാനം ചോതിച്ചതുകൊണ്ട് മാത്രമല്ല ഇന്ന് മുസ്ലിം ലീഗ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. ഒരു അധിക മന്ത്രി സ്ഥാനം ചോതിക്കുന്നതിനും  അത് നേടിയെടുക്കുന്നതിന് ലീഗ് ശ്രമിച്ച രീതി  കേരളത്തിലെ മത നിരപേക്ഷ സമീപനം കാത്തു സൂക്ഷിക്കുന്ന നല്ലൊരു വിഭാഗം ജനങ്ങളുടെ മനസ്സില്‍ ഒരു മോശം പ്രതിച്ഛായ ഉണ്ടാക്കാന്‍ ഇടയായി എന്നാ കാര്യത്തില്‍ സംശയം ഇല്ല. ഇത് ഒരു പക്ഷെ മുസ്ലിം ലീഗിന്റെ നേതൃത്വം ഇത്ര കണ്ടു  ആഗ്രഹിചിരിക്കില്ല. ഇത്തരം പ്രവൃത്തികള്‍ വഴി  ഒരു സാമുദായിക വേര്‍തിരിവ് ഉണ്ടായാല്‍ ഒരു പക്ഷെ കൂടുതല്‍ നഷ്ടം ഉണ്ടാകാന്‍ പോകുന്ന സംഘടന  ലീഗ് തന്നെ  ആയിരിക്കും എന്നാ ഉറച്ച വിശ്വാസം അതിന്റെ നേതാക്കള്‍ക്കുണ്ട്. പക്ഷെ എന്ത് ചെയ്യാം ലീഗിനുള്ളില്‍ ഉടലെടുത്തിട്ടുള്ള, അഥവാ വളര്‍ന്നു വരുന്ന വിഭാഗീയ ചേരിതിരിവ്‌ നേതാക്കളെ കൊണ്ട് ചെന്ന് എത്തിച്ചത് ഈ ഒരു വല്ലാത്ത  അവസ്ഥയിലായിപ്പോയി. UDF ഒറ്റക്കെട്ടായി ഉയര്‍ത്തിയ മുദ്രാവാക്യത്തിന്റെ പരിണത ഫലമാണ് ലീഗിന് കിട്ടിയ 20  നിയമസഭ സീറ്റുകള്‍ എന്നത് ഒരു പക്ഷെ അവരുടെ അണികള്‍ മറന്നു പോയിട്ടുണ്ടാകാം. പക്ഷെ അവരുടെ നേതാക്കള്‍ അത് മറക്കാന്‍ പാടില്ല. നിയന്ത്രിക്കാന്‍ ആകാത്തവിധം അണികളെ വളര്‍ത്താന്‍ ഒരു പ്രസ്ഥാനവും തയ്യരാകരുത് എന്നാ പാഠം  ഇതുവഴി കേരളത്തിലെ നേതാക്കള്‍ക്ക് മനസിലായിട്ടുണ്ടാകും.

മുസ്ലിം ലീഗ് ഒരു സമുദായത്തിന്റെ സംഘടന ആണ് എന്നാ വിഷയത്തില്‍ തര്‍ക്കിച്ചിട്ടു കാര്യമില്ല. അവര്‍ മത നിരപേക്ഷ നിലപാട് ഉള്‍കൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനം ആയാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പ്രസ്ഥാനം എന്നാ നിലയില്‍   തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇതര മത വിഭാഗങ്ങള്‍ക്ക് ദോഷം വരാത്ത രീതിയില്‍ കൊണ്ട് പോകേണ്ട് ഉത്തരവാദിത്വം അതിന്റെ നേതാക്കള്‍ക്കുണ്ട് .അതിനു പകരം   മുസ്ലിം ജന സംഖ്യ്യുടെയും    വോട്ടിന്റെയും അടിസ്ഥാനത്തില്‍ കൂടുതല്‍ മന്ത്രിമാര്‍ വേണം എന്ന് ചോതിച്ച നേതാക്കന്മാര്‍ മുസ്ലിങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇതര മതസ്ഥരായ മന്ത്രിമാര്‍ക്ക് കഴിയുന്നില്ല എന്ന് വരുത്തി തീര്‍ക്കുകയാണ് ഉണ്ടായത്. ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ ഇല്ലാതെ പരസ്പരം ഇടപഴുകി ജീവിക്കുന്ന കേരളത്തിന്റെ ജനതയുടെ മുന്‍പിലേക്ക് ഇത്തരം  വിവാദങ്ങള്‍  സൃഷ്ടിക്കുന്ന  പ്രത്യാഘാതങ്ങള്‍ വരും കാലങ്ങളില്‍  ഒരു പാട്  രാഷ്ട്രീയ മാറ്റങ്ങള്‍ക്കു കാരണമാകും എന്ന് കരുതേണ്ട അവസ്ഥയിലാണ് . 

ഇതിന്റെ ഒരു മറുവശം കൂടെ നാം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കേരളത്തില്‍ ഒരു അഞ്ചാം മുസ്ലിം മന്ത്രി ഉണ്ടാകുന്നതില്‍ ആര്‍ക്കാണ് എതിര്‍പ്പ്. ശ്രീമാന്‍ അലി  കേരളത്തിലെ ഒരു മന്ത്രി ആയാല്‍ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും എന്താണ് കുഴപ്പം. ഒരു കുഴപ്പവും ഇല്ല എന്ന് നമുക്ക് എല്ലാവര്ക്കും അറിയാം .പിന്നെ എന്തിനാണ് ഈ വിവാദം ഉണ്ടാക്കിയത് ?. കോണ്‍ഗ്രസ്‌ രാഷ്ട്രീയത്തിലെ ജാതി സമവാക്യങ്ങള്‍ തന്നെ ആണ് ഇതിനു കാരണം.ജാതിയുടെയും മതത്തിന്റെയും പേരില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കി ജാതിസന്ഘടനകള്‍ക്ക് ആവശ്യത്തിനും അനാവശ്യത്തിനും വാരി കോരി നല്‍കി ഒരു വല്ലാത്ത അവസ്ഥയിലാണ് ഇന്ന് കോണ്‍ഗ്രസ്‌. ആത്മാഭിമാനമുള്ള കൊണ്ഗ്രെസ്സുകാര്‍ ഇപ്പോള്‍ പ്രതിഷേധവുമായി വന്നതില്‍ നമുക്ക് തെറ്റുപറയാന്‍ ആവില്ല..കേവലം അധികാരത്തിനു വേണ്ടി ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍  വിഖടിപ്പിച്ചു ഭരണം കയ്യാളുന്ന പതിവ് രീതിയില്‍ നിന്നും  കോണ്‍ഗ്രസ്‌ മാറി നില്‍ക്കുകയാണ് ആ പാര്‍ടിയുടെ  നില നില്‍പ്പിനു നല്ലത്.






തിങ്കളാഴ്‌ച, മാർച്ച് 26

പോതുജനത്തെ കഴുതയാക്കുന്ന രാഷ്ട്രീയ കുതിര കച്ചവടം

കേരളത്തില്‍ ഇത് ഉപ തിരഞ്ഞെടുപ്പിന്റെ കാലമാണ് .പിറവത്തിനു ശേഷം ഇനി നെയ്യാറ്റിന്‍കര. അതിനു ശേഷം എവിടെ എന്ന് ഇപ്പോള്‍ പറയാന്‍ ആവില്ല. പിറവത്ത് തിരഞ്ഞെടുപ്പ് വന്നത് യാദൃശ്ചികമായാണ് നമ്മുടെ ജനാധിപത്യ വ്യവസ്ഥയില്‍ അത് ഒരിക്കലും ഒഴിച് കൂടാന്‍ ആവില്ല എന്നതാണ് യാഥാര്‍ത്ഥ്യം . എന്നാല്‍  നെയ്യാറ്റിന്‍കരയില്‍ എത്തുമ്പോള്‍ കാര്യം അങ്ങനെ അല്ല. അഞ്ചു വര്ഷം MLA ആയിരിക്കാന്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു പ്രതിനിധി, കേവലം തന്‍റെ സ്വാര്‍ത്ഥ മോഹത്തിന്നായി തല്‍സ്ഥാനം  വലിച്ചെറിഞ്ഞത് ജനാധിപത്യത്തില്‍ പൊറുക്കാന്‍ ആകാവുന്ന ഒന്നല്ല. വോട്ടു ചെയ്ത ജനങ്ങളെ  മണ്ടന്‍മാരാക്കി കൊണ്ട്   ജനങ്ങള്‍ ക്ക് മുന്‍പില്‍ കൊഞ്ഞനം കുത്തുന്ന ഇത്തരം രാഷ്ട്രീയ ആഭാസത്തിനു ചുക്കാന്‍ പിടിച്ചത് കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കള്‍ ആണ് എന്നത് ഇപ്പോള്‍ ഏറെക്കുറെ ജനങ്ങള്‍ക്ക്‌ ബോധ്യമായിട്ടുണ്ടാകും. രാജി വച്ച ഒഴിവിലേക്ക് ഉപ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ആ മത്സരത്തില്‍  വിരുദ്ധ ചേരിയില്‍ നിന്ന് മത്സരിക്കാന്‍  തയ്യാറെടുക്കുകയാണ് നമ്മുടെ ബഹുമാന്യ മുന്‍ MLA .  ഒരു തിരഞ്ഞെടുപ്പ് കേരളത്തിന്‌ നഷ്ടപ്പെടുത്തുന്നത്  കോടികളാണ്. ഈ കോടികള്‍ ഉണ്ടെങ്കില്‍ നമുക്ക് ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താം എന്നിരിക്കെ തികച്ചും ധിക്കാരപരമായ ഇത്തരം നടപടികള്‍ കേരളത്തിലെ രാഷ്ട്രീയ പ്രബുദ്ധതയുള്ള ജനങ്ങള്‍ അംഗീകരിക്കാന്‍   പാടില്ല എന്നതാണ് എന്‍റെ പക്ഷം.  ഇത്തരം അവസര വാദികള്‍ ഇനി കേരളത്തില്‍ ഉണ്ടാകാതെ ഇരിക്കണം എങ്കില്‍ നെയ്യാറ്റിന്‍ കരയിലെ  പ്രബുദ്ധരായ വോട്ടര്‍മാര്‍ ഒരു പുതു മാതൃക കാട്ടണം. ജനങ്ങള്‍ക്ക്‌ അവകാശപ്പെട്ട പണം. സ്വര്തലാഭാതിനായി നശിപ്പിച്ചുകൊണ്ട് നികുതികള്‍ വര്‍ധിപ്പിച്ചു പണം സ്വരൂപിക്കുന്ന ഇത്തരം രാഷ്ട്രീയ നിലപാടിന് എതിരായിരിക്കണം ഇത്തവണ ജനങ്ങള്‍ ഒന്നിക്കേണ്ടത്. അതിനു കഴിഞ്ഞില്ലെങ്ങില്‍, കേരളത്തിലെ ഒട്ടു മിക്ക മണ്ഡലങ്ങളിലും ഇനി ഉപതിരഞ്ഞെടുപ്പ് പ്രതീക്ഷിക്കേണ്ടി വരും. കാരണം ഇത് നല്ല ഒരു രാഷ്ട്രീയ വ്യവസായമായി കണ്ടു വരുമാനം ഉണ്ടാക്കാന്‍ നമ്മുടെ ജനന പ്രതിനിധികള്‍ ചിന്തിച്ചു തുടങ്ങും . കേരളത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു പുതിയ കുതിരക്കച്ചവട സംസ്കാരം ഇവിടെ വേരോടാന്‍ മലയാളികളായ നാം ഒരിക്കലും അനുവദിക്കാന്‍ പാടില്ല. അതിനായി നെയ്യാറ്റിന്‍ കരയിലെ രാഷ്ട്രീയ പ്രബുദ്ധരായ   സമ്മതിദായകര്‍  ബാലറ്റിലൂടെ  മറുപടി പറയും എന്ന് നമുക്ക് വിശ്വസിക്കാം.



ബുധനാഴ്‌ച, മാർച്ച് 21

കേരളം അരാഷ്ട്രീയ സമൂഹമായി മാറുന്നോ?

കേരളം കണ്ട ഏറ്റവും ആവേശമേറിയ ഒരു ഉപ തിരഞ്ഞെടുപ്പായിരുന്നു പിറവത്ത്  നടന്നത്. അതിന്റെ പരിസമാപ്തിയും ഏകദേശം നാമെല്ലാം കരുതിയിരുന്നതുപോലെ തന്നെ വന്നു ഭാവിക്കുകയും ചെയ്തു.  UDF അനുകൂല മണ്ഡലമായ പിറവത്ത് ജയിച്ചുകയറാം എന്നൊരു തോന്നല്‍ അല്പമെങ്ങിലും ഇടതു പക്ഷത്തിനു ഉണ്ടായതു ശ്രീ ജേക്കബ്‌ അവര്‍ഗള്‍ക്ക് ഉള്ള ജനസമ്മതി കണക്കിലെടുത്താണ്.അല്ലെങ്ങില്‍ കേരളത്തിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരു നല്ല മത്സരം പോലും നടത്താന്‍ ഇടതു പക്ഷത്തിനാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കേരളം കഴിഞ്ഞ വര്ഷം പൊതു തിരഞ്ഞെടുപ്പിലേക്ക് പോയപ്പോള്‍ ഉണ്ടായ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്ന് അല്പം മാറിയിട്ടുണ്ട് എന്നത് യഥാര്‍ത്ഥ വസ്തുതയാണ്. അത് ഇടതോട്ടല്ല എന്ന് നമ്മുടെ സഖാക്കള്‍ മനസിലാക്കിയാല്‍ നന്ന്. ഇതിനു കാരണം മറ്റാരുമല്ല,. ഇവിടത്തെ ഇടതു പക്ഷ നേതൃ സ്ഥാനത്തിരിക്കുന്ന കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങളാണ്. ചേരി തിരിഞ്ഞു പടവെട്ടുന്ന ഈ രാഷ്ട്രീയ പാര്‍ടികളെ ജനം എങ്ങനെ വിശ്വസിക്കാനാണ്.  സ്വന്തം പാര്‍ട്ടിയിലെ പടല പിണക്കങ്ങള്‍ തീര്‍ക്കാന്‍ പോലും കഴിയാതെ, ജനം കൊടുത്ത അഞ്ചു വര്‍ഷത്തെ  ഭരണം കൃത്യമായി ഉപയോഗപ്പെടുത്താന്‍ കഴിയാനാവാത്ത ഇടതു പക്ഷത്തിനു എങ്ങനെ ജനങളുടെ പ്രശ്നങ്ങളെ ശരിയായ രീതിയില്‍ സമീപിക്കാന്‍ ആകും . രാഷ്ട്രീയ വിവേകമുള്ള കേരളത്തിലെ ജനങ്ങളെ മതത്തിന്‍റെ പേരിലും ജാതിയുടെ പേരിലും കൂട്ടുചേരാന്‍ ഇടതു പക്ഷവും ഒരു കാരണമായി എന്നത് നിര്‍ഭാഗ്യകരമായി പോയി എന്ന് പറയേണ്ട ഒരു അവസ്ഥയാണ്. ജനങ്ങള്‍ അരാഷ്ട്രീയ വാദത്തെ  പ്രോത്സാഹിപ്പിക്കുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്നത് കേരളത്തിന്റെ മതേതര സ്വഭാവമാണ്. മത നിരപേക്ഷ സര്‍കാര്‍ എന്ന് സ്വയം കൊട്ടിഖോഷക്കുന്ന UDF ഒരു സ്വയം വിമര്‍ശനത്തിനു തുനിഞ്ഞാല്‍ അത് നന്നായിരിക്കും. സര്‍വ മതസന്ഖടനകള്‍ക്കും കേരള രാഷ്ട്രീയത്തില്‍ ഇടപെടാം എന്നാ അവസ്ഥ സ്രിഷ്ടിക്കുകവഴി. കൊണ്ഗ്രെസ്സ് പാര്‍ട്ടി തങ്ങളുടെ ശവകുഴി തോണ്ടുന്ന അവസ്ഥയിലാണ്. കേരളത്തില്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും അവരുടെ പ്രശ്നങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്നില്‍ വയ്ക്കാവുന്നതാണ്. അത്തരം പ്രശ്നങ്ങള്‍  സമവായത്തോടെ കൈകാര്യം ചെയ്യാന്‍ രാഷ്ട്രീയ പാര്‍ടികള്‍ തയ്യാറാവുകയും വേണം. അതിനു പകരം ജാതി തിരിച്ചു  MLA ,മന്ത്രി സ്ഥാനങ്ങള്‍ വീതിക്കുകവഴി നാം സൃഷ്ടിക്കുന്നത് ഒരു അരാഷ്ട്രീയ സമൂഹത്തെയാണ്. ഇങ്ങനെ തിരഞ്ഞെടുക്കുന്നവര്‍ക്ക് പൊതുജനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആകില്ല . അവര്‍ ഏതെങ്കിലും വിഭാഗത്തിന്റെ മാത്രം പ്രതിനിധി ആയി മാറിയാല്‍ എങ്ങനെ നമുക്ക് തെറ്റുപറയാന്‍ ആകും. ഒരു പക്ഷെ കേരളത്തില്‍ ഇനി വരാന്‍ പോകുന്ന കാലങ്ങളില്‍ മത്സരിക്കാന്‍ ഒപോകുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ ആയിരിക്കില്ല . ഹിന്ദുവും, ക്രിസ്ത്യനും മുസ്ലിമുമായിരിക്കും. അവരവര്‍ക്ക് ആധിപത്യമുള്ള ഇടങ്ങളില്‍ അവര്‍ ജയിച്ചു വരും. ഭരണവും നടത്തും. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി കൂടുതല്‍ സ്വാധീനം കൊടുക്കുക വഴി, കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സ്വയം നശിക്കുകയാണ്. ഇന്ന് കോണ്‍ഗ്രസ്‌ എടുക്കുന്ന നിലപാടുകള്‍ തെറ്റായിരുന്നു എന്ന് കാലം തെളിയിക്കും എന്ന  കാര്യത്തില്‍ സംശയം ഇല്ല. ( സ്വര്തമോഹികളല്ലാത്ത നല്ല കോണ്‍ഗ്രസ്‌ നേതാക്കള്‍ ഇപ്പോള്‍ തന്നെ അത് മനസിലാക്കിയിട്ടുണ്ടാകും എന്നാണു എന്റെ തോന്നല്‍  ). ഒരു കാര്യം നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ മനസിലാക്കേണ്ടത് ജാതിമത പ്രസ്ഥാനങ്ങള്‍ നയിക്കപെടുന്നവരുടെ  തല്പര്യങ്ങലെക്കാള്‍    നയിക്കുന്നവരുടെ താല്പര്യങ്ങള്‍ക്ക് ആണ് മുന്‍‌തൂക്കം നല്‍കുന്നത്. 

തിങ്കളാഴ്‌ച, ഫെബ്രുവരി 20

ജനകീയ സമരങ്ങള്‍ - രാഷ്ട്രീയ പാര്‍ടികളില്‍ പുനര്‍ വിചിന്തനം ആവശ്യമോ?

കഴിഞ്ഞ കുറെ കാലമായി കേരളത്തിലെ ജനകീയ സമരങ്ങളില്‍ നിന്ന് മുഖ്യധാരാ  രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍  മാറിനില്‍ക്കുന്നു എന്ന സത്യം ഒരു പക്ഷെ മലയാളികള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല . കേരളത്തിലെ രാഷ്ട്രീയ പാര്‍ടികളുടെ പ്രവര്‍ത്തന രീതി കാര്യമായി വീക്ഷിക്കുന്നവര്‍ക്ക് ഇത് മനസിലാക്കാന്‍ ആകും എന്നാണ്‌  എന്‍റെ തോന്നല്‍.ഇത് പറയാന്‍ കാരണം സമീപ കാലങ്ങളില്‍ കേരളം കണ്ട ചില ജനകീയ സമരങ്ങളുടെ പശ്ചാത്തലത്തില്‍ ആണ് . വിളപ്പില്‍ ശാലയില്‍ നടന്ന ജനകീയ സമരം, ഭൂ സമരങ്ങള്‍ , കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നേഴ്സ് മാരുടെ സമരം, മുല്ലപ്പെരിയാര്‍ സമരം തുടങ്ങിയവയില്‍ ഉണ്ടായ രാഷ്ട്രീയ പങ്കാളിത്വം നോക്കിയാല്‍ ഇത് നമുക്ക് മന്സിലക്കവുന്നത്തെ ഉള്ളു.  സ്മരങ്ങളിനിന്നുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ചുവടുമാറ്റത്തിന്  കാരണം  പലതാണ്. അധികാര രാഷ്ട്രീയത്തിന്‍റെ സുഖം പറ്റി വളരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്‌ ജനകീയ  വിഷയങ്ങളില്‍ നേരിട്ടു ഇടപെടാന്‍ തത്വത്തില്‍ ചില പരിമിതികളുണ്ട്  അത് ഭരണ പക്ഷതിനായാലും പ്രതിപക്ഷതിനായാലും ശരി .ഒരു പക്ഷെ ഇത്തരം  പരിമിതികള്‍ തന്നെ ആണ് ജനങ്ങളില്‍ നിന്നും ഇവരെ  അകറ്റി നിര്‍ത്തുന്നത്.    മാറി മാറി ഭരിക്കുന്ന ഇടതു വലതു കക്ഷികളുടെ കേവലമായ രാഷ്ട്രീയ പരിമിതിയായി മാത്രം ഇതിനെ കണ്ടാല്‍ പോരാ മറിച്ച്  കാലാ കാലങ്ങളില്‍ ഇത്തരം പ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്ക് സഹായ ഹസ്തങ്ങള്‍ ചൊരിയുന്നവരുടെ അപ്രീതി പിടിച്ചുപറ്റാന്‍ അവര്‍  തയ്യാറല്ല   എന്നതാണ് യാഥാര്‍ത്ഥ്യം  .ഒപ്പം തന്നെ പ്രധാനമാണ് ഇന്ത്യ മഹാരാജ്യത്തെ ട്രേഡ് യുനിയനുകളുടെ ശക്തി ക്ഷയം . അതി ശക്തമായ സമരങ്ങളിലൂടെ ഒരു കാലത്ത് തൊഴിലാളികളുടെ അവകാശങ്ങള്‍ പിടിച്ചു വാങ്ങിയ തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങള്‍  ഇന്ന് കേവലം കടലാസ് പ്രസ്ഥാനങ്ങളായി  മാറുന്ന കാഴ്ചയാണ്  നാം കണ്ടു കൊണ്ടിരിക്കുകയാണ്. ഇതിനു  കാരണം നമ്മുടെ രാജ്യത്തു രാഷ്ട്രീയ പാര്‍ടികള്‍ എടുക്കുന്ന പ്രതിഷേധാര്‍ഹമായ    നിലപാടുകളാണ്. മുതലാളിത്വത്തിന്റെ കയ്യിലെ കേവലം പാവകളായി മാറിയിരിക്കുന്നു നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍. ആഖോഷങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും വാരി കോരി  നല്‍കുന്നവരുടെ   ആജ്ഞാനുവര്‍തികള്‍ ആകേണ്ട ഗതി കേടിലേക്ക് നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അധപ്പതിച്ചു കൊണ്ടിരിക്കുന്നു . തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളും അവയുടെ  മാതൃ രാഷ്ട്രീയ കക്ഷികളും തമ്മിലുള്ള അകലം വര്‍ധിച്ചിട്ടുണ്ട് എന്ന് ഞാന്‍ പറഞ്ഞാല്‍ അതില്‍ അല്പം പരമാര്‍ത്ഥം ഇല്ലാതില്ല  .ഏതായാലും അവകാശ  സമരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍   ജനങ്ങള്‍ ഇപ്പോള്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ മുഖവിലക്ക് എടുക്കുന്നില്ല എന്നത് ഇന്നത്തെ നിലവിലുള്ള രാഷ്ട്രീയനേതൃത്വങ്ങള്‍  ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. ജനങ്ങളുടെ വിഷയങ്ങളില്‍ ശക്തമായി വാദിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആണ് ഇന്ന് നമ്മള്‍ക്ക് ആവശ്യം   ഓരോ രാഷ്ട്രീയ പ്രസ്ഥാനവും തങ്ങളുടെ പ്രവര്‍ത്തനങ്ങളും പ്രവര്‍ത്തന വൈകല്യങ്ങളും  ഒരു നിമിഷം  തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും. കോടികള്‍ മുടിച്ചു നടത്തുന്ന സമ്മേളന മാമാങ്കങ്ങള്‍ ജനങ്ങളുടെ വിശ്വാസ്യത തകര്‍ക്കാനേ ഉപകരിക്കു. ഇത്തരം പ്രവര്‍ത്തനങ്ങള്‍  പ്രസ്ഥാനങ്ങളും ജനങ്ങളും തമ്മിലുള്ള  അകലം വര്‍ധിപ്പിക്കും  എന്ന തിരിച്ചറിവ് ഉണ്ടാകുമ്പോള്‍ മാത്രമാണ്  ജനാധിപത്യ വ്യവസ്ഥയില്‍ രാഷ്ട്രീയ പാര്‍ടികളുടെ പങ്ക്  അര്‍ത്ഥ പൂര്‍ണമാകൂ.




തിങ്കളാഴ്‌ച, ഫെബ്രുവരി 13

എന്‍റെ പ്രണയ ചിന്തകള്‍

പ്രണയം ഒരു ദുര്‍ബല വികാരമാണ് എന്ന് ചിലര്‍ പറയാറുണ്ട്. അത് കൊണ്ടാണ് പ്രണയ ചാപല്യം എന്ന് നാം പലപ്പോഴും പറഞ്ഞു കേള്‍ക്കാറ്. പക്ഷെ ഞാന്‍ ഇതിനോട് യോജിക്കാന്‍ തയ്യാറല്ല കാരണം പ്രണയത്തോളം    ശക്തമായ ഒരു വികാരം ഇല്ല എന്നാണ് എന്‍റെ പക്ഷം. ഒരു പക്ഷെ ഈ ലോകത്ത് പ്രണയിക്കാതവരായി  ആരും ഉണ്ടായിരിക്കില്ല . പ്രണയത്തിനു  ജാതിയോ മതമോ ഭാഷയോ  ഒരുപക്ഷെ ലിംഗഭേദമോ  ബാധകമല്ല . സ്വവര്‍ഗ പ്രണയം ഇന്ന് ശക്തമായ ഒരു ചര്‍ച്ചാ വിഷയമാണ്  .പക്ഷെ നമുക്ക് എപ്പോഴും  പ്രിയങ്കരം സ്ത്രീ പുരുഷ പ്രണയമാണ് കാരണം അതാണ് ദൈവ നീതി .ദൈവം മനുഷ്യ രാശിക്കായി കരുതി വച്ചിട്ടുള്ള  ഏറ്റവും വലിയ സമ്മാനവും .   പ്രണയത്തിനു ഒരു ജീവചക്രം അഥവാ ലൈഫ് സൈക്കിള്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ അതിന്‍റെ സാധ്യത നമുക്ക് തീര്‍ത്തും തള്ളിക്കളയാന്‍ ആവില്ല . കേവലം ഇഷ്ടത്തില്‍  തുടങ്ങി  പ്രണയത്തിന്‍റെ  ഉന്മാദ അവസ്ഥയിലേക്ക് വരെ ഇത് എത്തിച്ചേരുന്നു. ഭൌതിക  പ്രേരണയാല്‍ പ്രണയത്തിന്‍റെ അവസ്ഥകള്‍ക്ക് വ്യതിയാനങ്ങള്‍ വരാറുണ്ട് എങ്കില്‍ പോലും മാനവ രാശിയെ  കൂട്ടി ഇണക്കുന്ന ഏറ്റവും വലിയ ഒരു ഘടകമാണ് പ്രണയം.   ഒരു പക്ഷെ തീവ്ര  പ്രണയത്തിന്‍റെ ഏതെങ്കിലും ഒരു അവസ്ഥയില്‍ വേര്‍ പിരിയുന്നവരുടെ മനസ്സില്‍ പോലും പ്രണയത്തിന്‍റെ  വിത്തുകള്‍ നിലനില്‍ക്കുന്നുണ്ടാകും . അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായാല്‍ പൊട്ടി മുളച്ചു വീണ്ടും പൂര്‍വ അവസ്ഥ സ്വീകരിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു മാസ്മരികത പ്രണയം എന്നാ വികാരത്തിന് ഉണ്ട്. വ്യവസ്ഥാപിതമായ പ്രണയ സങ്കല്പങ്ങള്‍ നമുക്ക് ഉണ്ട് എങ്കിലും ഇത് തികച്ചും സ്വകാര്യമായ ഒരു അനുഭൂതിയാണ്. നമ്മിലെ അസ്തിത്വത്തെ തിരിച്ചറിയാന്‍ ഉതകുന്ന  ഉദാത്തമായ ഒരു അവസ്ഥ .

മനുഷ്യര്‍ക്ക്‌ പ്രണയിക്കാനായി   ഒരു ദിവസം കണ്ടെത്തിയ  ബുദ്ധി  രഷസന്മാര്‍ മനസിലാക്കാതെ പോയ അഥവാ മനപ്പൂര്‍വം മറന്നു പോയ ഒന്നുണ്ട്. പ്രണയം കേവലം ഒരു റോസാ പൂവിലോ  അതുപോലുള്ള ഏതെങ്കിലും സമ്മാനങ്ങളിലോ    ഒതുങ്ങുന്ന ഒന്നല്ല.  പ്രണയദിനത്തിന്റെ  വ്യവസായ വല്‍ക്കരണം വലിയ തോതില്‍ നമ്മുടെ പ്രണയ സങ്കല്‍പ്പത്തെ മാറ്റി മറിച്ചിട്ടുണ്ട് എന്ന് പറയാതെ  വയ്യ .നമ്മുടെ കലാലയങ്ങളില്‍ ഇതൊരു ആഖോഷമാണ്. ഒരു പക്ഷെ പ്രണയദിനം നമ്മുടെ ഭാവി തലമുറയെ പ്രണയത്തിന്‍റെ ആദ്യ പാഠം പഠിപ്പിക്കുന്ന ആഗോള കച്ചവട തന്ത്രം ആണ് എന്ന് പറയേണ്ടി വരും  . ഏതായാലും ഇത്തരത്തില്‍ പ്രണയത്തിന്‍റെ ആദ്യ പാഠങ്ങള്‍ പഠിക്കുന്ന എത്ര പേര്‍ പിന്നീട് ജീവിതത്തില്‍ യഥാര്‍ത്ഥ പ്രണയത്തിന്‍റെ സുഖം അനുഭവിക്കുന്നുണ്ട് എന്നത് അനുസരിച്ചിരിക്കും ഈ ദിനത്തിന്‍റെ വരും കാലങ്ങളിലെ പ്രസക്തി( പക്ഷെ ഈ വ്യവസായം കൂടുതല്‍ ശക്തി പ്രാപിച്ചു കോണ്ടേ ഇരിക്കും എന്നത് യഥാര്‍ത്ഥ്യം)  . പ്രണയത്തിന്‍റെ ജീവ ചക്രത്തിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തി എന്നാ നിലയില്‍ ലോകത്തിന്‍റെ ഗതിവിഗതികള്‍ മാറ്റിമറിക്കാന്‍ പോന്ന  പ്രണയം എന്നാ വികാരം കൂടുതല്‍ ശക്തമാകട്ടെ എന്ന് ഈ ദിനത്തില്‍ ആശിച്ചു പോകുകയാണ് ഒപ്പം ഞാന്‍ ഓര്‍കുന്നു എന്നിലെ പ്രണയം തൊട്ടറിയുന്ന എന്‍റെ പ്രണയിനിയെ.......



ഞായറാഴ്‌ച, ഫെബ്രുവരി 12

ജീവിത യാത്ര

ഞാന്‍ യാത്രയിലാണ് 
നിശ്ചയമില്ലാത്ത വഴികളിലൂടെ 
എവിടെ എത്തിച്ചേരും എന്നറിയാതെ 
എന്ന്  തീരും എന്നറിയാതെ 
പോയകാലത്തെ ജീവിതഭാരം ചര്തിതന്ന  
വിഴുപ്പു ഭാണ്ഡം കൂട്ടിനുണ്ട് 
നടക്കും തോറും ഭാരം ഏറുന്ന 
കാലത്തിന്‍റെ ബാക്കി പത്രം
 ഞാന്‍ ഇപ്പോള്‍ നന്നായി കിതക്കുന്നുണ്ട്‌
നടക്കും തോറും കാലുകള്‍ ഇടറുന്നുണ്ട് 
പക്ഷെ കാലത്തിന്‍റെ തീരുമാനം
അത് അനുസരിക്കാതെ വയ്യല്ലോ!
കൂട്ടിനായി ആരെല്ലാമോ വരുന്നുണ്ട്
സ്നേഹിക്കാനായി  ചിലര്‍
വെറുക്കാനായി  മറ്റുചിലര്‍
ഒരു വാക്ക് പോലും  ഉരിയാടാതെ
ചിലര്‍ യാത്ര മതിയാക്കുന്നു
തികഞ്ഞ ആര്‍ജവത്തോടെ
മറ്റുചിലര്‍  യാത്ര തുടങ്ങുന്നു.
ഒരുകാര്യംഎനിക്ക് നിശ്ചയമുണ്ട്
ഒരുനാള്‍ എന്‍റെ  ഈ യാത്രയും  അവസാനിക്കും 
ഒരു മുന്നറിയിപ്പുമില്ലാതെ
ഒരു വാക്ക് പോലും പറയാനാവാതെ 







  


















വെള്ളിയാഴ്‌ച, ജനുവരി 13

മരം

എന്‍റെ വീട്ടു മുറ്റത്തൊരു മരമുണ്ട്
എന്‍ അച്ഛന്‍ നട്ട  മാമരം

പ്രഭാതങ്ങളില്‍ കുളിരേകും മരം!
ഉച്ച വെയിലില്‍ തണലേകും   മരം!
വിശപ്പടക്കാന്‍ ഫലം തരും മരം!
കിളികള്‍ക്ക്  വാഴാന്‍  വീടാണ് ഈ മരം!

എന്‍റെ വീടുമുട്ടതൊരു മരമുണ്ട്
എന്‍ അച്ഛന്‍ നട്ട  മാമരം

അറിയുന്നു ഞാനാ മരത്തിന്‍ ആത്മാവിനെ
പ്രകൃതിയെ തോട്ടറിയും  ജീവ ചൈതന്യത്തെ

ഇന്ന് ഞാനെന്‍ വീടു മുറ്റത്ത്‌
മറ്റൊരു തൈ   നാട്ടു
നാളെ അത് വളര്‍ന് ഒരു മരമാകും.
വരും നാളുകള്‍ക്കു
തണലേകാന്‍, ഫലമെകാന്‍
പിന്നെ തന്‍ നിശ്വാസ  വായുവാല്‍
ചുട്ടു പഴുക്കും ഭൂമിതന്‍
ഉഷ്ണത്തെ ശമിപ്പിക്കാന്‍


എന്‍റെ വീട്ടു മുറ്റത്തൊരു മരമുണ്ട്
എന്‍ അച്ഛന്‍ നട്ട  മാമരം










ഞായറാഴ്‌ച, ജനുവരി 8

പാര്‍ട്ടി സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യേണ്ടത്?

കേരളത്തിലെ കമ്യുണിസ്റ്റ് പാര്‍ട്ടിയെ കുറിച്ച് ആരോട് ചോദിച്ചാലും ആദ്യം പറയുക ഇത് സാധാരണക്കാരന്‍റെ പാര്‍ടിയാണ് എന്നാണ്. ഇത്രയും ജനകീയ അടിത്തറയുള്ള പാര്‍ട്ടി ഇന്ത്യ മഹാരാജ്യത്ത് വേറെ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാണ് എന്‍റെ ഉത്തരം. അപ്പോള്‍ ന്യായമായും നിങ്ങള്ക്ക് ഒരു സംശയം ഉണ്ടാകാം. കോണ്‍ഗ്രസ്സും, ഭാരതീയ  ജനത പാര്‍ട്ടിയും വലിയ പാര്‍ട്ടികളല്ലേ? തീര്‍ച്ചയായും ശരിതന്നെ .കെട്ടിലും മട്ടിലും മറ്റു രണ്ടു പാര്‍ടികളും കമ്യുണിസ്റ്റ്പ്രസ്ഥാനങ്ങളുടെത്തില്‍  ന്നും തീര്‍ത്തും വിഭിന്നമാണ്.  സാധാരണക്കാരുടെയും , തൊഴിലാളികളുടെയും വിയര്‍പ്പിലും ചോരയിലും കെട്ടിപ്പടുത്ത ഒരു ജനകീയ പ്രസ്ഥാനം ആയാണ്   കമ്യുണിസ്റ്റ്   പാര്‍ട്ടിയെ സാധാരണ വിശേഷിപ്പിക്കാറ്.    ഒരു രാഷ്ട്രീയ വിദ്യാര്‍ഥിക്ക് വേണ്ടുവോളം പഠിക്കാനും മനസിലാക്കാനും ഉള്ള ഗാഡമായ ഉള്ളടക്കമുള്ള ഒരു സിലബസ് ആണ് ഈ പാര്‍ടിയില്‍ ഉള്ളത്. ഉണ്ണാനും ഉടുക്കാനും കഷ്ടപ്പെടുന്നവരുടെ പ്രതീക്ഷയാണ് ഈ പാര്‍ട്ടി. അധസ്ഥിതരുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനായി ലകഷ്യമിട്ടാണ്    കേരളത്തില്‍ കമ്യുണിസ്റ്റ്പ്രസ്ഥാനം     ജന്മം കൊണ്ടത്‌തന്നെ . എന്നാല്‍ കുറെ നാളുകളായി ഏതു ലകഷ്യതിന്നു   വേണ്ടിയാണോ ഈ പ്രസ്ഥാനം ഉടലെടുത്തത് അതില്‍ നിന്ന് അകന്നു പോകുന്ന കാഴ്ച കേരളത്തിലെ യുക്തി ചിന്ത ഉള്ള  ഏവരും അംഗീകരിക്കും എന്ന് തോന്നുന്നു. കേരളത്തില്‍ ഒരു രാഷ്ട്രീയ കക്ഷിക്ക് നിലനില്‍ക്കാന്‍ ഭരണം കൂടിയേ തീരു. അപ്പോള്‍ ഏതൊരു രാഷ്ട്രീയ പാര്‍ട്ടി യെയും പോലെ   കമ്യുണിസ്റ്റ്   പാര്‍ട്ടിയും അതിനു ശ്രമിച്ചാല്‍ അതില്‍ തെറ്റ് പറയാന്‍ ആവില്ല . ഇതാണ് നാം പറയാറുള്ള പ്രായോഗിക രാഷ്ട്രീയ നിലപാട് .ഇത്തരം ഒരു നിലപാട് പാര്‍ട്ടിയുടെ    ആശയങ്ങള്‍ക്ക് നിരക്കുനതാണോ എന്നതാണ്  പ്രധാന തര്‍ക്ക വിഷയം.അത് കല ക്രമേണ  പാര്‍ട്ടി യില്‍ രണ്ടു തരം ആശയ ഗതി രൂപപ്പെടുവാന്‍   ഇടയാക്കിയിരിക്കുന്നു.  .ഒരു പക്ഷെ ഇതൊരു   പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടിനെ ചൊല്ലിയുള്ള ഒരു തര്‍ക്കം  എന്നത്നും അപ്പുറം അധികാര രാഷ്ട്രീയതിലക്കുള്ള ഒരു വ്യതിയാനം അഥവാ വലതു പക്ഷ വ്യതിയാനം ആയാണ് രാഷ്ട്രീയ നിരീക്ഷകരാല്‍ വിലയിരുത്തപ്പെടുന്നത്.  ഏതായാലും  ഇതിലെ ശരിയും തെറ്റും പാര്‍ട്ടി വേദികളില്‍   സജീവ ചര്‍ച്ചകള്‍ക്ക് സജീവ ചര്‍ച്ചകള്‍ക്ക് വിധേയമാക്കപ്പെടെണ്ടാതാണ്.

 പ്രശ്നം  രാഷ്ട്രീയ നിലപാടിനെ ചൊല്ലിയുള്ള തര്‍ക്കം ആകുമ്പോള്‍  ഇതില്‍ ഒരു പാര്‍ട്ടി മെമ്പര്‍ ഏതു വശത്ത് നില്‍ക്കുന്നു എന്നതാണ് ഇപ്പോഴത്തെ കാതലായ പ്രശനം. ഒരു പക്ഷെ മാധ്യമങ്ങള്‍ക്ക് ഇത്തരം തര്‍ക്കങ്ങള്‍ ഒരു ചാകര കൊയ്ത്താണ്. ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്‌ സ്വയം  പ്രതിരോധിക്കാനുള്ള ആയുധവും.  കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ഇത്തരം ചര്‍ച്ചകളെ പര്‍വതീകരിച്ചാല്‍ അതില്‍ ഒട്ടും അതിശയോക്തി വിചാരിക്കെണ്ടാതയിട്ടില്ല .   ഏതായാലും ഇപ്പോള്‍ നടക്കുന്ന  പാര്‍ട്ടി സമ്മേളനങ്ങളില്‍ ചൂടുള്ള വിഷയം ഇത്തരം  തര്‍ക്കങ്ങള്‍ തന്നെ . നേതാക്കള്‍ ചേരി തിരിഞ്ഞു മത്സരിക്കുന്നു. ഒടുക്കം ഏതു പക്ഷം വിജയിച്ചു എന്ന് വാര്‍ത്ത‍ മാധ്യമങ്ങള്‍ പുറത്തു വിടുന്നു . പിന്നെ അതിനെ പറ്റിയുള്ള നീണ്ട ചര്‍ച്ചകളും.   കമ്യുണിസ്റ്റ്   പാര്‍ട്ടി മെമ്പര്‍ ആയി പോയതിനാല്‍ ഒന്നും മിണ്ടാനാകാതെ എല്ലാം മനസ്സില്‍ ഒതുക്കുന്ന പാവം പാര്‍ട്ടി പ്രവര്‍ത്തകരെ ഇത്തരം നേതാക്കള്‍ മന്സിലക്കുന്നില്ലല്ലോ എന്നതാണ് കഷ്ടം. ഈ പാര്‍ടിയില്‍ വിശ്വസിച്ചു പോയതില്‍ ഇക്കൂട്ടര്‍ പശ്ചാത്തപിച്ചു പോയാലും തെറ്റ് പറയാന്‍ ആവില്ല." പ്രവര്‍ത്തകര്‍ ആണ്പാര്‍ട്ടി" എന്ന് ഉച്ചത്തില്‍ പറഞ്ഞിരുന്നവര്‍ അത്  മാറ്റി നേതാക്കള്‍ ആണ് പാര്‍ട്ടി എന്ന് പറയുന്ന ഘട്ടത്തിലേക്ക്  എത്തിനില്‍ക്കുന്നു .കേവലം ആശയ സമരം എന്നതിനേക്കാള്‍ ഉപരി ഇതൊരു തരത്തില്‍ വ്യക്തി കേന്ദ്രീകൃത  സമരം ആയാണ്   പാര്‍ട്ടിയില്‍ അരങ്ങേറുന്നത് .ഇക്കൂട്ടരുടെ  ശരികളും തെറ്റുകളും നഷ്ടപ്പെടുത്തുന്നത് ജനത്തിനോട്‌ അടുത്ത് നില്‍ക്കുന്ന ഒരു വലിയ   പ്രസ്ഥാനത്തിന്‍റെ അസ്ഥിത്വമാണ്. മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ നാളെയുടെ പ്രതീക്ഷകളെയാണ്. കമ്യുണിസ്റ്റ്കാരന്‍റെ മനസ്സിലെ കാലം മറക്കാത്ത ചുവന്ന  സമരങ്ങളുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ഇത്തരം ആശയ സംഘട്ടനങ്ങള്‍ക്ക്  സ്ഥാനം  ഉണ്ടാകാന്‍   ഇടയില്ല    . ഇനി വരുന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ എങ്കിലും സജീവ ചര്‍ച്ചകള്‍ക്ക് വിധേയ മാക്കേണ്ടത് ഇത്തരം വിഘടന വാദ രാഷ്ട്രീയമല്ല പകരം ജന നന്മ ലകഷ്യമിട്ടുള്ള ആശയ സമരങ്ങള്‍ ആണ്    എന്ന് കാലം നമ്മുടെ പ്രിയ നേതാക്കള്‍ക്ക് മനസിലാക്കി കൊടുക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം. 


ശനിയാഴ്‌ച, ജനുവരി 7

ജീവിത വഴിയില്‍ ഒരു വഴി കാട്ടിയെ പോലെ

നമ്മുടെ ജീവിതത്തില്‍ നാം ഏറ്റവും കൂടുതല്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ദിവസമായിരിക്കും നമ്മുടെ ജന്മദിനം. സഫലമായ ഒരുപാടു ആഗ്രഹങ്ങളുടെ ഓര്‍മ കുറിപ്പ് പോലെ  അഥവാ ജീവിത വഴിയില്‍ നഷ്ടപ്പെട്ടു പോയവയുടെ കണക്കെടുപ്പുപോലെ . ഓര്‍മ വച്ച നാള്‍ മുതല്‍ ഞാന്‍ മുന്‍പില്‍ കണ്ടു വളര്‍ന്ന  എനിക്ക് ജന്മം തന്ന എന്‍റെ പ്രിയപ്പെട്ട അച്ഛന്‍ ഇല്ലാത്ത ആദ്യത്തെ പിറന്നാള്‍ ദിനം. പ്രവാസ ജീവിതത്തിന്‍റെ ഏകാന്തതയില്‍ പ്രിയപ്പെട്ടവരുടെ ആശംസകള്‍ക്ക് നടുവില്‍  ഈ ജന്മദിനം കടന്നുപോകുമ്പോള്‍ , ഞാന്‍ ഏറ്റവും സ്നേഹിച്ച എന്‍റെ പിതാവിന്‍റെ നിറഞ്ഞ ഓര്‍മ്മകള്‍ എനിക്ക് ശക്തി തരുന്നത് പോലെ .വരാന്‍  പോകുന്ന ജീവിത യാത്രകളില്‍ ഒരു കൈത്താങ്ങായി  , നന്മയുടെ വഴിയില്‍ സഞ്ചരിക്കാന്‍ ഒരു വഴി കാട്ടിയെ പോലെ ........................


ബുധനാഴ്‌ച, ജനുവരി 4

ജീവിതം നന്മകള്‍ തേടിയുള്ള യാത്രകള്‍?

ഏതാനും ചില ഓര്‍മ്മകള്‍ ബാക്കിയാക്കി 2011 കടന്നു പോയി. വരാന്‍ പോകുന്ന സൌഭാഗ്യങ്ങള്‍  മുന്നില്‍ കണ്ട്   നെട്ടോട്ടം ഓടാന്‍  നാം ഓരോരുത്തരും തുടങ്ങിയിരിക്കുന്നു . ഓരോ വര്ഷം കടന്നു പോകുമ്പോഴും എപ്പോഴെങ്ങിലും നാം  പോയ വര്‍ഷത്തെ അനുഭവങ്ങളിലേക്ക്‌ ഒന്ന്  തിരിഞ്ഞു നോക്കാറുണ്ടോ? നന്മകളും തിന്മകളും നിറഞ്ഞ ഒട്ടേറെ അനുഭവങ്ങള്‍ നമുക്ക് ഉണ്ടായിട്ടുണ്ടാകും. പക്ഷെ ഒരിക്കല്‍ പോലും തിന്മകളിലേക്ക് ഒരു എത്തിനോട്ടം നടത്താന്‍ നാം തയ്യാറാകാറില്ല . മേനി പറയാന്‍ ഉതകുന്ന നല്ല അനുഭവങ്ങള്‍ പങ്കു വക്കാന്‍ നാം പലപ്പോഴും  തയ്യാറാകാറുണ്ട്. മോശപ്പെട്ട അനുഭവങ്ങളെ മറക്കാനാണ് നാം ഇഷ്ടപ്പെടുന്നത് . ഇത് ഒരു കുറ്റമായി പറയാന്‍ ആവില്ല കാരണം നാം എല്ലാവരും മാനുഷികമായ ചില  ദൌര്‍ബല്യങ്ങള്‍ക്ക് അടിമകള്‍ ആണല്ലോ .ഒരു പക്ഷെ  നമുക്ക് എല്ലാവര്ക്കും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നാണ്  വരും വര്‍ഷങ്ങളിലെ നന്മകള്‍ക്ക് കാരണം പോയ വര്‍ഷങ്ങളിലെ തിന്മാകളാണ് എന്ന സത്യം .  നാം അറിയാതെ തന്നെ നമ്മിലെ  തെറ്റുകള്‍ നമ്മുടെ മനസാക്ഷി തിരിച്ചറിയുന്നുമുണ്ട്.അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നമ്മളെ തിരുത്തുന്നതും നമ്മുടെ മനസാക്ഷിയാണ് . ഇത്തരം തിരുതലുകളാണ് നമ്മുടെ മുന്നോട്ടുള്ള ജീവിതത്തിനു അര്‍ഥം ഉണ്ടാക്കുന്നതും .മറ്റുള്ളവരില്‍ നിന്ന് നാം ഓരോരുത്തരും  പ്രതീക്ഷിക്കുന്നത്   നന്മകള്‍ മാത്രമാണ്. അതിനും കാരണം മറ്റൊന്നല്ല തിന്മകള്‍ സൃഷ്ടിക്കുന്ന മാനസിക സംഘര്‍ഷങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടം . അതിജീവനത്തിന്റെ പാതയില്‍ ഇത്തരം അനുഭവങ്ങള്‍ നല്‍കുന്ന പാഠങ്ങളാണ് മനുഷ്യ ജീവിതത്തിന്‍റെ മൂല്യങ്ങള്‍. മൂല്യ ശോഷണം സംഭവിച്ച ജന്മങ്ങള്‍ നിര്‍ജീവ ദേഹമാകുന്നു.  അതുകൊണ്ട് തന്നെ നമ്മിലേക്ക്‌ കടന്നുവരുന്ന  തിന്മകളെ നല്ല അര്‍ത്ഥത്തില്‍ ഉള്‍കൊള്ളാനും സ്വയം പ്രതിരോധിച്ചു വിജയം കൈവരിക്കാനും ഉള്ള മാനസിക വളര്‍ച്ച കൈവരിക്കാനുള്ള ശ്രമമാണ് നാം നടത്തേണ്ടത് . അതിനുള്ള ഒരു സ്വയം തിരുതലാകട്ടെ ഈ പുതു വര്‍ഷം  നമുക്കായി കരുതിവച്ചിരിക്കുന്നത്.  എന്‍റെ പ്രിയ വായനക്കാര്‍ക്ക്‌ ആത്മസംഖര്ഷങ്ങള്‍ ഇല്ലാത്ത ഒരു പുതുവത്സരം ആശംസിക്കുന്നു.