ചൊവ്വാഴ്ച, ഓഗസ്റ്റ് 13

ആവർത്തിക്കുന്ന ദുരന്തങ്ങൾ - പഠിക്കാത്ത പാഠങ്ങൾ

കേരളത്തിന്റെ പശ്ചിമഘട്ടത്തെ വിവസ്ത്രയാക്കിക്കൊണ്ടു കലിതുള്ളി വന്ന കാലവർഷം കുറെ മനുഷ്യരുടെ വേദനകൾ ബാക്കിയാക്കി  കടന്നുപോയി. ഒരു മനുഷ്യായുസിൽ കരുതിവച്ച സമ്പാദ്യങ്ങളെല്ലാം ഒരുപിടി മണ്ണുകൊണ്ട് മൂടിയപ്പോൾ തകർന്നു പോയത് കുറെ മനുഷ്യരുടെ ജീവനും സ്വപ്നങ്ങളു മായിരുന്നു. തുടർച്ചയായ രണ്ടു വർഷങ്ങളിൽ നമുക്ക് നഷ്ടമായത് വിലമതിക്കാനാവാത്ത ജീവനുകളും ഒപ്പം  വിയർപ്പും സ്വപ്നങ്ങളും കൊണ്ട്  കെട്ടിപ്പൊക്കിയ കുറെ മൺകൂടാരങ്ങളും. ബംഗാൾ ഉൾക്കടലിലുള്ള കടൽജലം ഇപ്പോൾ ഇൻഡ്യൻ തീരങ്ങളിൽ വരുത്തി വയ്ക്കുന്ന നാശത്തിന്റെ അളവ് വളരെ വർധിച്ചിരിക്കുന്നു. കാലാവസ്ഥ വ്യതിയാനത്തെ ക്കുറിച്ചു പരിസ്ഥിതി വിദഗ്ദ്ധർ പറയുമ്പോൾ പലപ്പോഴും നമ്മുടെ സമൂഹം അതിനെ പുച്ഛത്തോടെ മാത്രമാണ് കണ്ടിരുന്നത്. മാധവ് ഗാഡ്ഗിൽ എന്ന മനുഷ്യൻ പശ്ചിമ ഘട്ടം സംരക്ഷിക്കണം എന്ന് പറഞ്ഞത് ഇവിടെയുള്ള മനുഷ്യരുടെ രക്ഷയെ കണ്ടു മാത്രമാണ്. അല്ലാതെ അദ്ദേഹത്തിന് എന്ത് വ്യക്‌തിപരമായ ലാഭമാണ് ഉണ്ടായതു?  കടലിൽ മഴപെയ്യുന്നതു മരങ്ങൾ ഉള്ളതുകൊണ്ടാണോ എന്ന മറു ചോദ്യം ചോദിച്ചവരാണ് നമ്മുടെ സമൂഹം. ഇപ്പോൾ ഈ ചോദ്യത്തിന് ഒരു പരിധി വരെ ഉത്തരം കണ്ടെത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് അനുമാനിക്കാം. എപ്പോഴും മഴ കടലിൽത്തന്നെ പെയ്യണമെന്നില്ല ? കടലിനു മുകളിൽ രൂപീകൃതമാകുന്ന മഴമേഘങ്ങളെ കരയിലേക്ക് നയിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വിനാശകരമാക്കിയിരിക്കുന്നതു ഇന്ത്യ പോലുള്ള തീര ദേശങ്ങളെയാണ്. കേവലം മരങ്ങൾ നട്ടതുകൊണ്ടു മാത്രം ഇതിനെ പ്രതിരോധിക്കാൻ നമുക്ക് ആകില്ല എന്നതാണ് ഇന്നത്തെ സത്യം. എന്നുകരുതി ഇനി മരങ്ങൾ നട്ടു വളർത്തേണ്ട  എന്ന് അതിന്നർത്ഥമില്ല . നട്ടുവളർത്തിയ  മരങ്ങളെല്ലാം വേരോടെ പിഴുതെറിയുന്ന മഴയുടെ സംഹാര താണ്ഡവമാണ് ഇന്ന് നമ്മുടെ മുൻപിലുള്ളത്. നമ്മുടെ ജൈവ സമ്പത്തിന്റെ ഉറവിടമായ പശ്ചിമ ഘട്ടം കേവലം നഗ്നമാകുന്ന അതി ഭയാനകമായ കാഴ്ചയാണ് ഇന്ന് നമ്മെഭീതിയിലാഴ്ത്തുന്നത്. ഭൂമിയെ ദൈവമായി കരുതിയിരുന്ന നാം അതിനെ കേവലം കച്ചവട വസ്തുവായി മാത്രം കാണുന്ന ഈ കാലഘട്ടത്തിൽ ഇതിനും അപ്പുറം എന്താണ് നാം പ്രതീക്ഷിക്കേണ്ടത്. പ്രളയം നൂറ്റാണ്ടിൽ മാത്രമല്ല എല്ലാ വർഷവും ആവർത്തിക്കാം എന്ന പാഠം ഇനി ആരെയാണ് മനസിലാക്കിപ്പിക്കേണ്ടത്. മലകൾ കീഴടക്കി തായ് വേരുകളുള്ള  മരങ്ങൾ വെട്ടി നീക്കി അവിടെ കോൺക്രീറ്റ് കൂടാരങ്ങൾ സൃഷ്ടിക്കുന്നവരോട് നാം എന്താണ് ഇനി പറയേണ്ടത്. തൂമ്പയും മണ് വെട്ടിയും മാറ്റി ഹിറ്റാച്ചിയെ പ്രേമിക്കുന്ന മനുഷ്യർ മലയുടെ സ്വാഭാവിക ഭൗമ സംതുലനം തകർത്തതിനു നാം ആരെയാണ് കുറ്റപ്പെടുത്തേണ്ടത്. ഒഴികുപ്പോകേണ്ട വെള്ളത്തെ മലയുടെ മുകളിൽ കെട്ടിനിർത്തുന്ന ഡാമുകൾ തീർത്തതു നാം മനുഷ്യരുടെ  കുറ്റം. എന്നാൽ ഇത്തരം ഡാമുകൾ എത്രകാലം ഈ പ്രകൃതി താണ്ഡവങ്ങളെ അതിജീവിക്കും എന്ന്  നാം മനസിലാക്കിയിട്ടുണ്ടോ? കോടതി സമക്ഷം ഹാജരാകുന്ന കേവലം കേസ് കെട്ടുകൾ കൊണ്ട് മനുഷ്യജീവൻ സംരക്ഷിക്കാനാകില്ല എന്ന് ഈ ദുരന്തങ്ങൾ നമ്മെ പഠിപ്പിക്കാത്തതെന്താണ് ? ഒഴുകിപ്പോകുന്ന വെള്ളത്തിന്റെ ദിശമാറ്റി ഭൂപ്രകൃതിയുടെ മുഖഛായ മാറ്റിയമനുഷ്യന്  ഇപ്പോൾ അവൻ  കെട്ടിപ്പൊക്കിയ  കെട്ടിടങ്ങളിൽ അന്തിയുറങ്ങാൻ ആവാത്ത സ്ഥിതിയാണുള്ളത്. പ്രകൃതിയുടെ മാറ്റങ്ങൾക്കു കാരണം കണ്ടെത്തുക വളരെ ശ്രമകരമാണ്. ശരീരത്തിനൊത്തു വസ്ത്രങ്ങൾ തുന്നുന്നതുപോലെ പ്രകൃതിയുടെ മാറ്റങ്ങൾ ഉൾക്കൊണ്ട് സ്വയം മാറേണ്ട ഉത്തരവാദിത്വം നാം കാണിക്കേണ്ടിയിരിക്കുന്നു.അതിനു നാം തയാറാകുന്നില്ലെങ്കിൽ നാം നേരിടാൻ പോകുന്ന വെല്ലുവിളി ഇതിനേക്കാൾ ഭയാനകമായിരിക്കും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ