ബുധനാഴ്‌ച, ഡിസംബർ 23

ആരോഗ്യ ചിന്തകൾ - രോഗം വരാതിരിക്കാൻ ചികിത്സിക്കുക

നാം ആരും ആശുപത്രിയിൽ പോകാൻ ഇഷ്ടപ്പെടുന്നവരല്ല. ആശുപത്രികൾ എപ്പോഴും നമ്മുടെ മനസ്സിൽ  ഉണർത്തുന്നത് ആശങ്കകളാണ്. രോഗിയായ ഒരാൾ ആശുപത്രിയിൽ എത്തുമ്പോൾ അയാളുടെ പ്രാര്ത്ഥന തനിക്കു കാര്യമായ ഒരു രോഗം ഉണ്ടാകരുതേ എന്നാണ് . ഭാഗ്യവന്മാരയ ചിലർ  സന്തോഷത്തോടെ ആശുപത്രി വിട്ടിറങ്ങുമ്പോൾ  ചിലരെങ്കിലും കടുത്ത മാനസിക സമ്മർദവും അതീവ ദുഖിതരുമായി ആശുപത്രി വിട്ടിറങ്ങേണ്ടാതായി വരുന്നു.ഒരു രോഗിയാണെന്ന് അറിയുമ്പോൾ  മാത്രമാണ് നമ്മുടെ ആരോഗ്യത്തെ കുറിച്ച് നാം പലപ്പോഴും  ചിന്തിക്കുന്നത്. ആരോഗ്യത്തിന്  തെല്ലു വില കല്പ്പിക്കാതെ രാപ്പകലില്ലാതെ അധ്വാനിച്ചു പണം നേടിക്കഴിഞ്ഞ് ശിഷ്ടകാലം ആ പണം ഉപയോഗിച്ച് ചികിൽസിക്കേണ്ടി വരുന്ന അവസ്ഥ ഇപ്പോൾ പുതുമയുള്ളതല്ല. ചിലപ്പോൾ നാം  നേടിയ പണം ചികിത്സക്ക്  മതിയാവാതെ വരുന്നതും അത്ര വിരളമല്ല. ഏതു രോഗത്തിനുമുള്ള  ചികിത്സ ഇന്ന് ലോകമെമ്പാടും ലഭ്യമാണ്.പക്ഷെ അതിനുള്ള ഭീമമായ ചിലവുതന്നെയാണ് ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. 

ലോകത്താകമാനം ഇപ്പോൾ ഏറ്റവും നന്നായി നടക്കുന്ന  ബിസ്സിനെസ്സ് എന്തെന്ന് ചോദിച്ചാൽ അത് ആരോഗ്യപരിപാലനം തന്നെ എന്ന് പറയേണ്ടി വരും. ആശുപത്രികളും വിലകൂടിയ ഡോക്ടർമാരും കൂടി ഈ രംഗത്ത് ഒരു മാഫിയാ വൽക്കരണം തന്നെ നടത്തുന്നുണ്ട്. വികസനത്തിനായി കോടികൾ ചിലവഴിക്കുന്ന നമ്മുടെ രാജ്യത്ത്  സാധാരണ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിന്  ചിലവഴിക്കുന്നത് തുലോം കുറവാണു എന്നതാണ് സത്യം. ഇത് ഏതെങ്കിലും ഒരു ഭരണ കൂടത്തിന്റെ പരാജയം ആണ് എന്ന് പറയാൻ ആകില്ല . ആരോഗ്യാവസ്ഥയെ കുറിച്ച് നമുക്കുള്ള കാഴ്ചപ്പാടിന്റെ പ്രശ്നമാണ്. നമ്മുടെ ശരീരത്തിന് രോഗിയാകുമ്പോൾ നാം കൊടുക്കുന്ന ശ്രദ്ധ എന്തുകൊണ്ട് ആരോഗ്യവാനായിരിക്കുമ്പോൾ നാം  നല്കുന്നില്ല എന്നത് ഒരു ശരിയായ ചോദ്യമാണ്. പലപ്പോഴും ഞാൻ എന്നോട് തന്നെ ഇത് ചോദിക്കാറുണ്ട്. എന്നാൽ ഇതിനുള്ള ഉത്തരം വളരെ ലഘുവാണ് "ആരോഗ്യവാനായിരിക്കുമ്പോൾ നാം നമുക്ക് ചുറ്റും മാത്രം നോക്കുന്നു എന്നാൽ രോഗാവസ്ഥയിൽ  നാം നമ്മളെപ്പറ്റി മാത്രം ചിന്തിക്കുന്നു." ഇതിൽ നിന്നും  ഒന്ന് മാറി  ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രോഗമില്ലാത്ത അവസ്ഥയിൽ നാം നമ്മുടെ ശരീരത്തെക്കുറിച്ച് അൽപനേരം  ചിന്തിക്കുക. അപ്പോൾ നമ്മുടെ ഇപ്പോഴത്തെ അവസ്ഥ നമുക്ക് കൃത്യമായി ബോധ്യപ്പെടും. അവിടെനിന്നും  ഒരു തിരുത്തലിനു നാം തയ്യാറായാൽ തീർച്ചയായും ഒരു പരിധിവരെ രോഗാവസ്ഥയില്നിന്നും നമുക്ക് അകന്നു നില്ക്കാൻ കഴിയും. രോഗിയായത്തിനു ശേഷം ചികിത്സിക്കുന്നതിനേക്കാൾ നല്ലതല്ലേ  രോഗം വരാതിരിക്കാൻ ചികിൽസിക്കുന്നത്. 



ആരോഗ്യ വിചാരം : ചില ആരോഗ്യ ചിന്തകൾ   ഇവിടെ പങ്കുവയ്ക്കുന്നു . ഇത് നിങ്ങള്ക്ക് തീർച്ചയായും ഉപകാരപ്പെടും. കൂടുതൽ പ്രതീക്ഷിക്കുക.  

ഇന്നത്തെ വിഷയം   - ജീവകം - ഡി   ( വിറ്റമിൻ ഡി ) 

നമ്മുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാനമായ ഒന്നാണ് ജീവകം - ഡി. നമ്മുടെ ശരീരത്തിൽ സുര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ മാത്രമാണ്‌ ഇത് ഉൽപ്പാദിപ്പിക്കപ്പെടുന്നത്. ഇതിന്റെ അളവ്  കുറവായാൽ ശരീരത്തിൽ കാൽസ്യം ആഗിരണം ചെയ്യുന്നത് കുറയുകയും  ഇതുവഴി  എല്ലുകൾക്ക്   ബലക്കുറവുണ്ടാകുന്നു എന്ന് ആരോഗ്യ ശാസ്ത്രം പറയുന്നു. എന്നാൽ ഏറ്റവും പുതിയ കണ്ടെത്തലുകൾ പ്രകാരം ഹൃദ്രോഗങ്ങൾക്കും , ക്യാൻസറിനും പ്രധാന കാരണം കുറഞ്ഞ തോതിലുള്ള  ജീവകം -ഡി ആണ്. പുതിയ പഠനപ്രകാരം ശരിയായ അളവിൽ ഈ ജീവകം ശരീരത്തിൽ  ഉണ്ടെങ്കിൽ  ക്യാൻസർ വരാനുള്ള സാധ്യത തുലോം  കുറവാണ് എന്നാണ്. 

പണ്ട് കാലത്ത് ഈ ജീവകത്തിന്റെ അളവ് കണക്കാക്കാൻ മാർഗമില്ലായിരുന്നു. എന്നാൽ ഇന്ന് ജീവകം - ഡി എല്ലാ ലാബുകളിലും ടെസ്റ്റ്‌  ചെയ്യുന്നതാണ്. ഇതിന്റെ അളവ് 30 ng നും 70ng നും ഇടയില നമ്മുടെ ശരീരത്തിൽ  ഉണ്ടെങ്കിൽ മാരക രോഗങ്ങളെ ചെറുക്കാനുള്ള ശക്തി നമുക്കുണ്ടായിരിക്കും എന്ന് മെഡിക്കൽ സയൻസ് പറയുന്നു. ഇതിനുള്ള മാർഗവും  വളരെ എളുപ്പമാണ്. ദിവസേന കേവലം 10 മിനിട്ട് നേരം  സുര്യ രശ്മികൾ നമ്മുടെ ശരീരത്തിൽ കൊള്ളാൻ  അനുവദിക്കുക. എന്നിട്ടും  അളവ് തീരെ കുറവാണെങ്കിൽ  ജീവകം ഡി മരുന്നായി എല്ലായിടങ്ങളിലും ലഭ്യവുമാണ്. ഇത് ഒരു ഡോക്ടറുടെ നിർദേശ  പ്രകാരം  കഴിക്കുക. നമ്മുടെ കുട്ടികളെ വെയിലിൽ കളിക്കുന്നതിൽ നിന്നും നാം വിലക്കാറുണ്ട് .ഇനി മുതൽ അത് വേണ്ട അവർ വെയിലിൽ കളിച്ചു  വളരട്ടെ അതുവഴി അവർ ഒരു ആരോഗ്യമുള്ള തലമുറയായി മാറട്ടെ .


























അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ