ഞായറാഴ്‌ച, ഒക്‌ടോബർ 16

ഞങ്ങളുകൊയ്യും വയലെല്ലാം

ഞങ്ങളുകൊയ്യും വയലെല്ലാം ഞങ്ങളുടേതാകും എന്ന വിശ്വാസത്തിൽ അഭിമാനത്തോടെ ചെങ്കൊടിയേന്തിയ കമ്യുണിസ്റ്റുകൾ നടത്തിയ പോരാട്ടങ്ങൾ ചരിത്രമറിയുന്ന ഒരാൾക്കും മറക്കാനാകില്ല ,തൊഴിലാളിവർഗ രാഷ്ട്രീയത്തിലൂടെ വളർന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങൾ കാലത്തിന്റെ പരിണാമങ്ങൾക്കനുസരിച്ചു മാറ്റങ്ങൾ ഉൾക്കൊണ്ട് പോന്നിട്ടുണ്ട്. അതിന്റെ പരിണത ഫലങ്ങളിലൊന്നാണ്  ഇത്തരം പ്രസ്ഥാങ്ങളിൽ കടന്നു വന്ന വലതുപക്ഷ വൽക്കരണവും. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ പണവും അധികാരവും  വേണം എന്ന തിരിച്ചറിവിൽ നിന്നും പാർട്ടിപ്രവർത്തകർ മനസിലാക്കിയ ചില പാഠങ്ങളുണ്ട്. അത് ഏതൊരു വലതുപക്ഷ രാഷ്ട്രീയക്കാരിൽ നിന്നും ഒട്ടും വിഭിന്നവുമല്ല .ഒരു രാഷ്ട്രീയ കക്ഷി അഥവാ മുന്നണി അധികാരത്തിൽ വരുവാൻ ഇന്ത്യൻ ജനാധിപത്യത്തിൽ ചിലവിടുന്ന പണം എണ്ണമറ്റതാണ്. ഈ പണം വരുന്ന വഴി എവിടെനിന്നും ആയിരിക്കും എന്ന് ഏവർക്കും അറിയാവുന്നതുമാണ്. ഭൂമി അടക്കി വാണിരുന്ന ജന്മികളിൽ നിന്നും നാം ഇന്ന് കാണുന്ന അഭിനവ കോര്പറേറ്റുകളിലേക്കുള്ള ദൂരം ഒട്ടും വലുതല്ല . കാലം വരുത്തിയ ചില മിനുക്കു പണികൾകൂടി വന്നിട്ടുണ്ട് എന്ന് മാത്രം. ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് വേണ്ടി അഹോരാത്രം യത്നിച്ച ഒട്ടനവധി നേതാക്കളുണ്ട് .അവർ ഈ പ്രസ്ഥാങ്ങളിലേക്കു ആകൃഷ്ടരായതു അടിച്ചമർത്തപ്പെടുന്നവന്റെ കണ്ണുനീര് കണ്ടിട്ടാണ്. എന്നാൽ ഇന്ന്  പ്രസ്ഥാനം നേടിത്തരുന്ന പദവികളും അധികാരവുമാണ്   വലിയ ആകർഷണ ഘടകം .   അധികാരവും പദവികളും ഇടതുപക്ഷ ചിന്താഗതിയിൽ വരുത്തിയ മൂല്യച്യുതിയാണ് ഇന്ന് ഇവർ നേരിടുന്ന പ്രതിസന്ധി. ഈ പ്രതിസന്ധിക്കു കാരണം പ്രസ്ഥാനമല്ല പകരം അവരെ അധികാരത്തിന്റെ അച്ചിൽ  വാർത്തെടുക്കുന്ന അഭിനവ  സാമ്പത്തിക ശാസ്ത്രമാണ്. ഇവിടെ തെറ്റുപറ്റുക സ്വാഭാവികം മാത്രം. എന്നാൽ പറ്റിയ തെറ്റ് തിരിച്ചറിയുകയും  അത് തിരുത്തുകയുമാണ്  ഒരേയൊരു പോംവഴി. അതിനുള്ള ആർജവം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് നഷ്ടപ്പെട്ടിട്ടില്ല എന്നതുതന്നെയാണ്  ഈ പ്രസ്ഥാനങ്ങളുടെ മുന്നോട്ടുള്ള പോക്കിന് ഊർജം പകരുന്നത്.  








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ