ശനിയാഴ്‌ച, ഏപ്രിൽ 18

ഹരിത വാതകവും ആഗോളതാപനവും

ഈയിടെ എന്നോട് ഒരു  വിദേശി ചോദിച്ചു ഭൂമിയിൽ ഹരിത വാതകങ്ങൾ കൂടിയാൽ കുഴപ്പമാണെന്നു പറയുന്നത് ശരിയാണോ? എന്ത് ഉത്തരമാണ് ഞാൻ കൊടുക്കേണ്ടത് എന്ന് അല്പസമയം ആലോചിച്ചിട്ട് ഞാൻ പറഞ്ഞു. ഹരിത വാതകവും ആഗോളതാപനവും പലർക്കും ഇന്ന് ഒരു കെട്ടുകഥയാണ്. പക്ഷെ ഞങ്ങൾ കേരളീയർക്ക് അത് അനുഭവമാണ്. കഴിഞ്ഞ രണ്ടു വർഷവും ഞങ്ങൾ നേരിട്ട പ്രളയം അതി ഭയാനകമായിരുന്നു.  മൺസൂണിന്റെ ദിശാമാറ്റം വളരെ സുവ്യക്തമായിരുന്നു. ആ ദുരന്ത ചിത്രങ്ങൾ ഇന്നും മനസ്സിൽ നിന്നും മറഞ്ഞിട്ടില്ല. ഈ ഉത്തരത്തിൽ സംതൃപ്തനായ ആൾ പിന്നീടൊന്നും ചോദിച്ചില്ല. നമ്മളേക്കാൾക്കൂടുതൽ ദുരന്ത ചിത്രങ്ങൾ മാധ്യമങ്ങളിലൂടെ കണ്ട ആ  വിദേശിക്ക്   ആ ഉത്തരം തന്നെ ധാരാളം. എന്നാൽ നാം മലയാളികൾ എന്ത് പഠിച്ചു എന്ന്  ചോദിച്ചാൽ ഉത്തരം ഒന്നുമാത്രം. കാര്യമായി ഒന്നും പഠിച്ചില്ല.  പാഠം ഒന്ന് - ദുരന്തം , സ്കൂൾ, ക്യാമ്പുകൾ പതിനായിരം സഹായം. കേന്ദ്ര-കേരള രാഷ്ട്രീയ യുദ്ധങ്ങൾ കഴിഞ്ഞപ്പോൾ അടുത്ത ജൂൺ മാസം ഇങ്ങു പടിവാതിൽക്കൽ. ഇനിയിപ്പോൾ സഹായം അഭ്യർത്ഥിക്കാൻ  കഴിയാത്ത അവസ്ഥയും.  ഇന്ത്യൻ മഹാസമുദ്രത്തിനും, അറബിക്കടലിനും നമ്മുടെ ചുവപ്പു- കാവി രാഷ്ട്രീയം അറിയില്ല. മൺസൂണിന്റെ വരവറിയിക്കാൻ അവൻ തയ്യാറെടുത്തു കഴിഞ്ഞു എന്നാണു വാർത്ത.  ഇത്തവണ 100 ശതമാനം മഴ ലഭിക്കും എന്നാണു കാലാവസ്ഥാ ഗവേഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. ഇതിൽ കേരളത്തിനെ പങ്ക് വ്യക്തമാക്കാനുള്ള അസാമാന്യ കഴിവ് തത്കാലം ഇപ്പോഴത്തെ പ്രവചന സംവിധാനത്തിനില്ല. ഇന്ത്യയിൽ ആകമാനമുള്ള കണക്കാണിത്. ഏറിയും കുറഞ്ഞും അത് കേരളത്തിലായാൽ ഒരു പുനരാവർത്തനത്തിനുള്ള സാധ്യത നമുക്ക് ഒരിക്കലും  തള്ളിക്കളയാനാകില്ല. കോവിഡിനെതിരെയുള്ള നമ്മുടെ പ്രതിരോധത്തിനിടയിൽ പ്രളയ ദുരന്ത സാധ്യത നാം കാണാതെ  പോകരുത്. അതിജീവനത്തിന്റെ സുരക്ഷിത പാഠങ്ങൾ മറക്കാതെ മനസ്സിൽ കരുതുന്നത് നന്നായിരിക്കും. സർക്കാരുകളുടെ ഇടപെടലുകൾക്കു   ഇപ്പോഴത്തെ സാഹചര്യത്തിൽ വളരെ അധികം പരിമിതികൾ   ഉണ്ടാകും. കൊറോണയിൽ നിന്നും സുരക്ഷിതരാകാൻ നമ്മോടു വീട്ടിലിരിക്കാൻ പറഞ്ഞിരിക്കുന്ന ഈ അവസ്ഥയിൽ  നമ്മുടെ വീടിന്റെ സുരക്ഷാ ഒരാവർത്തി വിലയിരുത്തുന്നത് നന്നായിരിക്കും. വീടുകൾ ദുരന്തമായി മാറിയ കാഴ്ച നമ്മുടെ മനസ്സിൽ നിന്നും ഇപ്പോഴും മറഞ്ഞിട്ടില്ല. പ്രകൃതി ദുരന്തങ്ങൾ  ആവർത്തിക്കുന്നത് ഒരു നല്ല  സൂചകമല്ല. തെറ്റുകൾ തിരുത്താനും ശരികളിലൂടെ നടക്കാനും. അനുഭവമാണ് നമുക്ക് പാഠമാകേണ്ടത്. പഠിച്ച പാഠങ്ങൾ  ഒരാവർത്തികൂടെ  പുനർ വായനക്ക് വിധേയമാക്കിയില്ലെങ്കിൽ അടുത്ത പരീക്ഷയിലും നാം  പരാജയപ്പെട്ടേക്കാം. കരുതലിന്റെ രാഷ്ട്രീയമാകട്ടെ നമ്മെ മുന്നോട്ടു നയിക്കേണ്ടത്.





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ