മുല്ല പെരിയാര്‍ വിഷയത്തില്‍ ആശങ്കകള്‍ നില്നില്കെ തന്നെ തമിഴ്നാടുമായി ഒരു ചര്‍ച്ചയുടെ തുടക്കം കുറിക്കാന്‍ അതീവ പരിശ്രമം നടത്തുകയാണ് കേരളം. പക്ഷെ അവര്‍ അത് കേട്ടതായി ഭാവിക്കുന്നുമില്ല .സുപ്രിം കോടതിയും അവര്‍ നിയോഗിച്ച പരമോന്നത സമിതിയുടെയും തീരുമാനത്തിന് അനുസരിച്ച് ആയിരിക്കും ഇനി നാം വിഭാവനം ചെയ്യുന്ന പുതിയ ഡാം എന്നകാര്യത്തില്‍ ഏറെകുറെ തീരുമാനമായിട്ടുണ്ട്. തലയിലിരിക്കുന്ന അധികാരത്തിന്‍റെ ചക്കരക്കുടം അങ്ങനെ വിട്ടുകളയാന്‍ നമ്മുടെ മന്ത്രിമാര്‍ തയ്യാറല്ല എന്നാണ് കേരളീയരായ നാം മനസിലാക്കേണ്ടത്. അപ്പോള്‍ കോടതി മുറിക്കു വെളിയില്‍ ഒരു തീരുമാനം ഉണ്ടാക്കാന്‍ കേരളത്തിലുള്ള രാഷ്ട്രീയ നേതൃത്വം കേന്ദ്ര സര്‍കാരില്‍ സമ്മര്‍ദം ചെലുത്താന്‍ ഉള്ള സാധ്യത ഏറെ കുറെ മങ്ങിയ അവസ്ഥയിലാണ്. സമരം അവസാനിപ്പിക്കാന്‍ ഒരു കാരണം നോക്കിയാണ് നമ്മുടെ സര്‍വകക്ഷി കൂട്ടായ്മ ഡല്‍ഹിക്ക് പോയത്. ഏതായാലും പട്ടിണി കിടന്നു മെലിഞ്ഞ നമ്മുടെ നേതാക്കള്‍ക്ക് ഇനി ഒന്ന് വിശ്രമിക്കാം അത് കൊട്ടക്കലായാല്‍ അത്രയും നന്ന് . കാരണം വേറൊന്നുമല്ല ഡാം എങ്ങാനും പൊട്ടിയാലും സ്വന്തം ജീവന്‍ രക്ഷിക്കാമല്ലോ. ഡല്‍ഹിയിലുള്ള കേന്ദ്രന്മാരോടും മലയാളികളുടെ അപേക്ഷ ഒന്ന് മാത്രം. പാവം നിങ്ങളുടെ കുടുംബക്കാരെ എങ്കിലും സംരക്ഷിക്കുക. അവരെ കൂടി ഡല്‍ഹിയിലേക്കു കൂട്ടികൊണ്ട് പോകുക. ഞങ്ങളുടെ വിധി ഏതായാലും തമിഴ്നാടിന്‍റെ കൈകളിലാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ എന്തും സഹിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ ജില്ലകളിലുള്ള പാവം ജനങ്ങള്‍.
കേരളത്തില്‍ സമരങ്ങള്‍ക്ക് ഇപ്പോള്‍ ക്രിസ്തുമസ് അവധി ആണ് എന്നത് തമിഴ്നാടിനു ബാധകമല്ല . അവിടെ ജനങ്ങള്‍ സമരചൂടില്‍ തന്നെ. കേരളത്തിന് പാലും പച്ചക്കറിയും , ഇറച്ചിയും തരില്ല എന്നതാണ് പുതിയ സമരമാര്‍ഗം. തങ്ങള്‍ക്കു വെള്ളം തരില്ല എന്ന് തമിഴ്നാട്ടിലെ രാഷ്ട്രീയക്കാര്‍ കര്‍ഷകരുടെ ഇടയില്‍ ദുഷ് പ്രചരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ചിന്താ ശക്തിയില്ലാത്ത ഒരു പാവം ജനതയെ വെള്ളത്തിന്‍റെ പേരില്‍ തെരുവില്‍ ഇറക്കി രാഷ്ട്രീയ നേട്ടം കൈവരിക്കാന്‍ അവിടുത്തെ രാഷ്ട്രീയക്കാര്‍ മത്സരിക്കുകയാണ്. എന്നാല്‍ ഇത്തരക്കാര്‍ മനസിലാക്കേണ്ട ഒന്നാമത്തെ കാര്യം ഡാം പൊട്ടിയാല്‍ പിന്നെ അവര്‍ക്ക് വെള്ളം ലഭിക്കാന്‍ സാധ്യതയില്ല എന്നാ സത്യമാണ്. ഇത് കേരളത്തിന്‍റെ മാത്രം പ്രശനമല്ല എന്ന് ത മിഴ് ജനതയെ ബോധ്യപ്പെടുത്താന്‍ നമ്മുടെ ഭരണകൂടങ്ങള്‍ക്ക് കഴിയുന്നില്ല എന്നത് തികച്ചും നിരാശ ജനകമാണ്.
മാറിയ ചില സാഹചര്യങ്ങള്‍ നാം മലയാളികളെ പുതിയ ചില ചിന്തകളിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട് . തമിഴ്നാട് പച്ചകറികളും പാലും തന്നില്ലെങ്ങില്‍ എന്തായിരിക്കും നാം മലയാളികളുടെ സ്ഥിതി. അതീവ ഗുരുതരം എന്നല്ലാതെ എന്ത് പറയാന്‍. കൃഷിചെയ്തു രണ്ടു ലക്ഷം കടം വന്ന് ആത്മഹത്യ ചെയ്യുന്ന പാവം കര്‍ഷകര്‍ ഉള്ള കേരളത്തില്‍ ഈ വെല്ലുവിളിയെ എങ്ങനെ നേരിടാം എന്ന് നാം മലയാളികള്‍ ഒന്ന് ഇരുത്തി ചിന്തിക്കുന്നത് നന്നായിരിക്കും. നമ്മുടെ കൃഷി സ്ഥലങ്ങളില്‍ വന്‍ ഫ്ലാറ്റുകള്‍ ഉയരുമ്പോള്‍ നമുക്കുണ്ടായ അഹങ്കാരം ഇന്ന് വലിയ ഭീഷണിയായി നമ്മുടെ മുന്‍പില്‍ തിരിഞ്ഞു നില്‍ക്കുന്നു. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് നമ്മുടെ വയറിന്‍റെ വിശപ്പിനെ ശമിപ്പിക്കനകുമോ? . വലിയ വലിയ കോണ്‍ക്രീറ്റ് കൂടാരങ്ങളല്ല വികസനം എന്ന് ഇനിയെങ്ങിലും നാം മലയാളികള്‍ മനസിലാക്കണം. നമ്മുടെ നിക്ഷേപം ഇനി കാര്‍ഷിക കേരളത്തിന്റെ വികസനത്തിന് കൂടെ വേണ്ടിയാകണം. മലയാളിയുടെ ആത്മാഭിമാനത്തില്‍ മുറിവ് ഏല്പിക്കാന്‍ ഒരാളെയും അനുവദിക്കാന്‍ പാടില്ല. നമ്മുടെ നിലവിലുള്ള കൃഷിയിടങ്ങളില്‍ എങ്കിലും ഇനിയുള്ള നാളുകളില്‍ പച്ചപ്പുകള്‍ വളരണം. പഴങ്ങളും പച്ചക്കറികളും നമ്മുടെ മണ്ണില്‍ വിളയണം. നമുക്കുവേണ്ടി കൃഷിയില്‍ മുഴുകിയിരിക്കുന്ന കര്‍ഷകരെ സംരക്ഷിക്കാന്‍ നാം തന്നെ മുന്നോട്ടു വരണം. ജാതിയുടെയും മതത്തിന്‍റെയും അതിര്‍ വരബുകളില്ലാതെ, ഒരു ജനതയുടെ നിലനിപിനു വേണ്ടി ആയിരിക്കണം ഇനി നാം മനുഷ്യ മതില്‍ തീര്‍ക്കേണ്ടത്. "ആദ്യം ഭക്ഷ്യ സുരക്ഷ പിന്നെ വികസനം" ഇതായിരിക്കട്ടെ വരാന്‍ പോകുന്ന പുതു തലമുറക്കായി നാം ഉയര്‍ത്തുന്ന പുതിയ മുദ്രാവാക്യം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ